ഉത്തരാഖണ്ഡില്‍ നാളെ വിശ്വാസവോട്ട് നടക്കില്ല; രാഷ്ട്രപതിഭരണം തുടരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട ഹരജിയില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം തുടരുമെന്ന് സുപ്രിംകോടതി. രാഷ്ട്രപതി ഭരണം റദ്ദാക്കാന്‍ ഉത്തരവിട്ട ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കുള്ള സ്‌റ്റേ തുടരും. ഹൈക്കോടതി നാളെ നടത്താന്‍ നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പ് നടക്കില്ല. എന്നാല്‍ രാഷ്ട്രപതിഭരണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഏഴു ചോദ്യങ്ങള്‍ക്കു കോടതി കേന്ദ്രത്തില്‍ നിന്നു മറുപടി ആരാഞ്ഞു. രാഷ്ട്രപതി ഭരണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ അടുത്തമാസം മൂന്നിന് വീണ്ടും വാദം കേള്‍ക്കും. മെയ് 13ഓടു കൂടി അന്തിമവിധി ഉണ്ടായേക്കും. വിമത എംഎല്‍എമാരെ അയോഗ്യരാക്കി എന്നതു രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാന്‍ മതിയായ കാരണമാണോ എന്നതടക്കമുള്ള ചോദ്യങ്ങളിന്‍മേലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞത്.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. ഹൈക്കോടതി വിധിയുടെ രേഖാമൂലമുള്ള പകര്‍പ്പ് ലഭ്യമാവാത്തതുകാരണമായിരുന്നു സ്‌റ്റേ.
ഭരണപക്ഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്കു കൂറുമാറിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയപ്രതിസന്ധി മുതലെടുത്താണു കേന്ദ്രം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാര്‍ശചെയ്തത്. ശുപാര്‍ശ അംഗീകരിച്ച രാഷ്ട്രപതി, ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മാര്‍ച്ച് 27ന് ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it