ഉത്തരാഖണ്ഡിലെ ഭരണ പ്രതിസന്ധി; സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഒമ്പത് പാര്‍ട്ടി എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണു നടപടി. പിസിസി ജനറല്‍ സെക്രട്ടറി അനില്‍ ഗുപ്തയ്‌ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്.
ഹരിഷ് റാവത്ത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സാകേത് നേതൃത്വത്തില്‍ ഒമ്പത് എംഎല്‍എമാരാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. മറുകണ്ടം ചാടിയ കൃഷിമന്ത്രി ഹരാക് സിങ് റാവത്തിനെ ശനിയാഴ്ച മുഖ്യമന്ത്രി ഹരിഷ് റാവത്ത് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. അച്ചടക്കസമിതിയുടെ ശുപാര്‍ശപ്രകാരമാണു നടപടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ പറഞ്ഞു.
ഒമ്പതു ജില്ലാ കമ്മിറ്റികളും ഉത്തരാഖണ്ഡ് പിസിസി പിരിച്ചുവിട്ടു. കൂറുമാറിയ ഒമ്പത് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ ഗോവിന്ദ്‌സിങ് കുജ്വാള്‍ സഭാംഗത്വം റദ്ദാക്കാതിരിക്കാന്‍ കാരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനിടെ ഹരീഷ് റാവത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള കേന്ദ്രനേതാക്കളുമായി സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തു.
ബിജെപി എംഎല്‍എമാരും സംസ്ഥാനത്തു നിന്നുള്ള എംപിമാരും ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ വിശദീകരിച്ച് ഗവര്‍ണര്‍ കെ കെ പോള്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചു. ഇന്ന് സഭാസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഗവര്‍ണറോട് വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം നഷ്ടമായാല്‍ രാജിവയ്ക്കുമെന്ന് ഹരീഷ് റാവത്ത് അറിയിച്ചെങ്കിലും നിലവിലെ സഭയില്‍ തനിക്കു ഭൂരിപക്ഷമുണ്ടെന്നും അതു തെളിയിക്കാന്‍ തയ്യാറാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്പീക്കര്‍ക്കെതിരായി അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവുമായ അജയ് ഭട്ട് അറിയിച്ചു. 36 എംഎല്‍എമാരായിരുന്നു ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ഉത്തരാഖണ്ഡ് നിയമസഭയിലുണ്ടായിരുന്നത്. പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറ് അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ്സിനായിരുന്നു.
Next Story

RELATED STORIES

Share it