ഉത്തരവില്‍ പിഴവ്; ഇരകള്‍ക്ക് ധനസഹായം നല്‍കുന്നില്ല: നിലപാടറിയിക്കാതെ ഡിജിപിയും ഹൈക്കോടതിയും

സി എ സജീവന്‍

തൊടുപുഴ: പദ്ധതി നടത്തിപ്പു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ പിഴവുമൂലം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നഷ്ടപരിഹാരം നല്‍കാനാവുന്നില്ല. ഈ പിഴവു തിരുത്താനുള്ള ശ്രമമാവട്ടെ ഡിജിപി, ഹൈക്കോടതി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ അഭിപ്രായം അറിയിക്കാത്തതിനാല്‍ പാതിവഴിയിലും.
സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന ഇരകള്‍ക്കു നഷ്ടപരിഹാരം (കേരള വിക്ടിംസ് കോംപന്‍സേഷന്‍ സ്‌കീം) പദ്ധതിയാണ് ഉത്തരവിലെ അപാകതയുടെ പേരില്‍ പ്രാവര്‍ത്തികമാവാത്തത്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയും ചെലവിടാനായിട്ടില്ല. ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളുമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ ഇരകളായുള്ളത്. കുട്ടികള്‍ക്കായുള്ള പോക്‌സോ കോടതിയില്‍ മാത്രം കൈകാര്യം ചെയ്യുന്നത് 4500 കേസുകളാണ്. വിവിധ കോടതികളില്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ ഇരയാക്കപ്പെട്ട കുറ്റകൃത്യ-പീഡന കേസുകള്‍ നിരവധിയാണ്.
ജനങ്ങളുടെ സുരക്ഷിത ജീവിതം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതില്‍ വീഴ്ച സംഭവിക്കുമ്പോഴാണ് അവര്‍ കുറ്റകൃത്യങ്ങള്‍ക്കിരയാവുന്നത്. ഈ വീഴ്ചയ്ക്കുള്ള പിഴ എന്ന നിലയിലാണ് നഷ്ടപരിഹാരമെന്ന നൂതന ആശയം ഉരുത്തിരിഞ്ഞത്. ഇതിനായി ഇരകള്‍ക്ക് നഷ്ടപരിഹാരം പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. 2014 ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതിപ്രകാരം ഇന്നോളം ഒരാള്‍ക്കു പോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇരകള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പദ്ധതിയാണ് ഇത്.
ഇരകള്‍ക്ക് നഷ്ടപരിഹാരം പദ്ധതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അതിക്രമം എന്ന പദമാണ് ഉപയോഗിച്ചത്. അതിക്രമത്തിനിരയായവര്‍ക്കാണ് സാമ്പത്തിക സഹായത്തിന് അര്‍ഹതയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. നിയമപരമായ വ്യാഖ്യാനത്തില്‍ ബലാല്‍സംഗം, മാനഭംഗം ഉള്‍പ്പടെയുള്ള ഒട്ടേറെ കുറ്റകൃത്യങ്ങള്‍ ഈ വാക്കിന്റെ അര്‍ഥ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നഷ്ടപരിഹാരം വിധിക്കുന്നതിന് ഇത് നിയമതടസ്സവുമായി. നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായതോടെ തെറ്റു തിരുത്താനും ശ്രമമുണ്ടായി. ഡിജിപി, ഹൈക്കോടതി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരോട് അഭിപ്രായം തേടിയെങ്കിലും ഒരു വര്‍ഷത്തിലേറെയായിട്ടും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നിലപാട് അറിയിച്ചിട്ടില്ല.
Next Story

RELATED STORIES

Share it