ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: പോലിസിന്റെയും ആഭ്യന്തരവകുപ്പിന്റെയും കുറ്റകരമായ അനാസ്ഥയാണ് പരവൂര്‍ വെടിക്കെട്ട് അപകടത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും വെടിക്കെട്ടിനു മൗനാനുവാദം നല്‍കിയ സിറ്റി പോലിസ് കമ്മീഷണര്‍ക്കെതിരേയും അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരേയും കൊലക്കുറ്റത്തിനു കേസെടുക്കണം. കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും പോലിസ് അനുവാദം നല്‍കിയെങ്കില്‍ അതിനുപിന്നില്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. ഏതോ മന്ത്രി ഇടപെട്ടെന്നാണു പറയുന്നത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കലക്ടര്‍ പിന്നീടു മൗനം പാലിച്ചു. കലക്ടറെ ആരാണു നിശ്ശബ്ദയാക്കിയതെന്നും അന്വേഷിക്കണം. സംഭവത്തില്‍ കലക്ടറെ കുറ്റവിമുക്തയാക്കാനാവില്ല. കലക്ടര്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടോ ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരെ വിവരമറിയിച്ചോ അനുമതിയില്ലാതെ നടക്കുന്ന വെടിക്കെട്ടിനെതിരേ കലക്ടര്‍ക്കു നടപടിയെടുക്കാമായിരുന്നു. ഇതു ചെയ്യാതെ മൗനം പാലിച്ചത് കലക്ടറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ വെടിക്കെട്ട് നിയന്ത്രിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരും. അശാസ്ത്രീയവും പ്രാകൃതവുമായ രീതിയില്‍ നടത്തുന്ന വെടിക്കെട്ടുകളും മല്‍സര വെടിക്കെട്ടുകളും നിരോധിക്കണമെന്നാണ് സിപിഎം നിലപാട്. മല്‍സര വെടിക്കെട്ടുകളുടെ ഭാഗമായാണ് അനുവദനീയമല്ലാത്ത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതുപോലുള്ള പ്രവണതകള്‍ കാണുന്നത്. ലോകത്തെ പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ വെടിക്കെട്ട് നടക്കുന്നത്. അത്തരം രീതികള്‍ ഇവിടെയും കൊണ്ടുവരണം. സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. സിറ്റിങ് ജഡ്ജിയെ വിട്ടുതരാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടണം. അപകടത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ധനസഹായം അപര്യാപ്തമാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അപകടസ്ഥലം സന്ദര്‍ശിച്ച് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ ഒരാള്‍ക്കെങ്കിലും കേന്ദ്ര- സംസ്ഥാന സര്‍വീസുകളില്‍ ജോലി നല്‍കണം. വെടിക്കെട്ടപകടത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ സര്‍ക്കാര്‍ ചെലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനാവശ്യമായ സാമ്പത്തികസഹായം നല്‍കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും കോടിയേരി ആരോപിച്ചു.
Next Story

RELATED STORIES

Share it