ഉത്തരക്കടലാസ് മൂല്യനിര്‍ണയം: സര്‍വകലാശാലകള്‍ ക്രമവിരുദ്ധമായി നല്‍കിയത് 5.28 കോടി രൂപ

തിരുവനന്തപുരം: ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതിന്, സര്‍വകലാശാലകള്‍ സര്‍ക്കാര്‍ ഉത്തരവു ലംഘിച്ച് അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കിയെന്നു കണ്ടെത്തല്‍. 2010-14 കാലയളവിലാണ് കണ്ണൂര്‍, കോഴിക്കോട്, കുസാറ്റ് സര്‍വകലാശാലകള്‍ 5.28 കോടി രൂപ അധ്യാപകര്‍ക്ക് ക്രമവിരുദ്ധമായി നല്‍കിയത്. ഇതില്‍ 1.38 കോടി കുസാറ്റും 1.36 കോടി കണ്ണൂര്‍ സര്‍വകലാശാലയും കോഴിക്കോട് സര്‍വകലാശാല 2.54 കോടിയും രൂപ നല്‍കിയതായാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
യുജിസി സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ക്ക് റെഗുലര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പ്രതിഫലം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പരീക്ഷാസംബന്ധമായ ജോലികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരിക്കണമെന്നും പരീക്ഷാജോലിയെക്കുറിച്ചുള്ള അധ്യാപകരുടെ പ്രതികരണം, പ്രവര്‍ത്തനക്ഷമതാ വിലയിരുത്തല്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് സര്‍വീസിലുള്ളതോ വിരമിച്ചതോ ആയ അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കാമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. അധ്യാപകര്‍ സര്‍വകലാശാലകളിലെയും കോളജുകളിലെയും പരീക്ഷാനടത്തിപ്പിലെ മേല്‍നോട്ടം, നിരീക്ഷണം, മൂല്യനിര്‍ണയം എന്നിവയില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നാണ് 2010ലെ യുജിസി ചട്ടങ്ങളിലെ പ്രഫഷനല്‍ എത്തിക്‌സ് കോഡ് നിബന്ധനയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് യുജിസി സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ക്ക് അധികമായി മൂല്യനിര്‍ണയത്തിനുള്ള പ്രതിഫലം സര്‍വകലാശാലകള്‍ നല്‍കിയത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ സര്‍വകലാശാലകള്‍ പരാജയപ്പെട്ടെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം, റഗുലര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയ വകയില്‍ 16.3 കോടി രൂപ ചെലവഴിച്ചതായി കേരള, എംജി സര്‍വകലാശാലകള്‍ അറിയിച്ചെങ്കിലും യുജിസി, യുജിസി ഇതര അധ്യാപകര്‍ക്കു നല്‍കിയ പ്രതിഫലം വേര്‍തിരിച്ചു നല്‍കാന്‍ സര്‍വകലാശാലകള്‍ക്കു കഴിയാത്തതിനാല്‍ ഇത് ഓഡിറ്റ് പരിശോധനയില്‍ ക്രമക്കേടായി രേഖപ്പെടുത്തിയിട്ടില്ല.
റെഗുലര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് യുജിസി സ്‌കെയിലുള്ള അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കില്ലെന്ന തീരുമാനം അതത് സിന്‍ഡിക്കേറ്റിനു മുമ്പാകെ പരിഗണനയ്ക്കു വയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വിശദീകരണം ഓഡിറ്റര്‍ ജനറല്‍ സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it