ഉത്തരക്കടലാസ് കാണാതാവല്‍: അന്വേഷണം പൂര്‍ത്തിയായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സ്ഥിരമായി ഉത്തരക്കടലാസുകള്‍ കാണാതാവുന്നത് പരിശോധിക്കാന്‍ വിസി നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കി. ബിടെക് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കാണാതാവുന്നതിനു പിന്നില്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവ മനപ്പൂര്‍വം നശിപ്പിച്ചതാണെന്നും സമിതി കണ്ടെത്തി.
നേരത്തേ 517 ഉത്തരക്കടലാസുകള്‍ കാണാതായപ്പോള്‍ പുനപ്പരീക്ഷ നടത്തി വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുകയും പേപ്പറുകള്‍ നശിപ്പിച്ചവരെ രക്ഷപ്പെടാന്‍ അനുവദിക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് അന്വേഷണ റിപോര്‍ട്ട് പറയുന്നു.
പരീക്ഷ കഴിഞ്ഞ് കോളജുകളില്‍നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന ഇസ്‌ലാമിക് ചെയറിന്റെ പഴയ കെട്ടിടത്തില്‍ എത്തിയതിനു ശേഷമാണ് 69 ഉത്തരക്കടലാസുകള്‍ മുക്കിയിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉന്നത പോലിസ് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയുടെ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിന് ശാസ്ത്രീയസംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സര്‍വകലാശാലയുടെ വിശ്വാസ്യത തകരുമെന്നും റിപോര്‍ട് മുന്നറിയിപ്പ് നല്‍കുന്നു. സിന്‍ഡിക്കേറ്റംഗങ്ങളായ കെ വിശ്വനാഥ്, കെ എം നസീര്‍, ഡോ. ആബിദ ഫാറൂഖി എന്നിവരടങ്ങുന്നതാണ് വിസി നിയോഗിച്ച അന്വേഷണസമിതി.
Next Story

RELATED STORIES

Share it