Idukki local

ഉണ്ടപ്ലാവ് വാര്‍ഡുസഭ യോഗം ചേരാനായില്ല ; ചെയര്‍മാനെയും കൗണ്‍സിലറെയും തടഞ്ഞു

തൊടുപുഴ: പട്ടികജാതിക്കാരനയ കൗണ്‍സിലറെ വസ്ത്രാക്ഷേപം ചെയ്ത് മര്‍ദ്ദിച്ചതിന്റെയും തുടര്‍ന്ന് നടന്‍ ആസിഫലിയുടെ വീട് ആക്രമിക്കപ്പെട്ടതിലൂടെയും ശ്രദ്ധ നേടിയ ഉണ്ടപ്ലാവ് വാര്‍ഡുസഭാ യോഗം ഇന്നലെ വീണ്ടും ചേര്‍ന്നപ്പോഴും അലങ്കോലപ്പെട്ടു. ആദ്യ വാര്‍ഡുസഭയില്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ഒരു സംഘം സ്ത്രീകള്‍ ആവശ്യപ്പെട്ടതോടെയാണ് വാര്‍ഡുസഭ കൂടാനാകാതെ വന്നത്.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാറും യോഗത്തില്‍ പങ്കെടുത്തിരുന്നു. എസ്.ഐ വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പോലിസെത്തി വാര്‍ഡുസഭ മറ്റൊരിടത്ത് പുനരാരംഭിച്ചു. ്അപ്പോഴേക്കും ആളുകള്‍ പിരിഞ്ഞു പോയിരുന്നു. ക്വാറം തികയാന്‍ നൂറു പേര്‍ വേണ്ടിടത്ത് 60 പേര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇതേ തുടര്‍ന്ന് വാര്‍ഡുസഭ മാറ്റിവെച്ചു. ഇന്നലെ യോഗം ചേരാനെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍,മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ തുടങ്ങിയവരെ ഒരു വിഭാഗം നാട്ടുകാര്‍ തടയുകയായിരുന്നു.രണ്ടുപാലം ലക്ഷം വീട് കോളനിയില്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് വാര്‍ഡ് സഭ ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ സഭ ചേരുന്നതിന് മുന്‍പേ ഇവിടെയെത്തിയ അന്‍പതോളം സ്ത്രീകള്‍ ചേര്‍ന്ന് ഉപകേന്ദ്രത്തിന്റെ വാതില്‍ തുറക്കാന്‍ അനുവദിക്കാതെ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സിലറുടെ മുണ്ടുരിഞ്ഞ് മര്‍ദിച്ചു എന്നതടക്കമുള്ള സംഭവങ്ങള്‍ കഴിഞ്ഞ വാര്‍ഡ് സഭയില്‍ നടന്നിട്ടില്ലെന്ന് അവര്‍ വാദിച്ചു. അത്തരം സംഭവങ്ങള്‍ ചേര്‍ത്ത് എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണം. കഴിഞ്ഞ വാര്‍ഡുസഭയില്‍ നടന്നുവെന്നാരോപിക്കുന്ന പല സംഭവങ്ങളും വാസ്തവ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍, നഗരസഭാ സെക്രട്ടറി, കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ ആലോചിച്ച് മറ്റൊരിടത്തു യോഗം തീരുമാനിച്ചത്. ക്വാറമില്ലാത്തതിനെ തുടര്‍ന്ന് സഭ മാറ്റി വയ്ക്കുകയായിരുന്നു. വാര്‍ഡ് സഭയുടെ മാറ്റിയ തിയ്യതി തീരുമാനിച്ചിട്ടില്ല.
മൂന്നിനാണ് നഗരസഭ 16ാം വാര്‍ഡ് സഭയോഗത്തിത്തിനിടെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ടി .കെ അനില്‍കുമാറിന് നേരേ വസ്ത്രാക്ഷേപവും ആക്രമണവുമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. അബി പുത്തന്‍പുര, പ്രവീണ്‍ വാസു, നിഷാദ് കളരിക്കല്‍, നിഷാദ് കുളത്തിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൗണ്‍സിലറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പിറ്റേന്ന് വൈകിട്ട് യു.ഡി.എഫ് ഉണ്ടപ്ലാവില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.
ഇതിന് ശേഷമാണ് നടന്‍ ആസിഫലിയുടെ പിതാവും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ എം പി ഷൗക്കത്തലിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള നേതാക്കള്‍ വീട് സന്ദര്‍ശിച്ചിരുന്നു. കൗണ്‍സിലറെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ യു.ഡി.എഫില്‍ പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് യു.ഡി.എഫ് നേതാക്കള്‍ ഇതിനെതിരെ പരാതിപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it