ഉഡ്താ പഞ്ചാബ്: സെന്‍സര്‍ ബോര്‍ഡിനെതിരേ ഹൈക്കോടതി

മുംബൈ: ചലച്ചിത്രങ്ങളെ അമിതമായ വിമര്‍ശനത്തോടെ സമീപിക്കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ബോംബെ ഹൈക്കോടതി. ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കണമെന്ന കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ ശുപാര്‍ശയ്‌ക്കെതിരേ ഉഡ്താ പഞ്ചാബ് ബോളിവുഡ് സിനിമയുടെ നിര്‍മാതാക്കളായ ഫാന്റം ഫിലിംസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ചത്. സര്‍ഗപ്രതിഭകള്‍ക്ക് അവരുടെ ആശയം പ്രകടിപ്പിക്കാനും ഫിലിം വ്യവസായം വളരാനും അനുവദിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, സിനിമാ നിര്‍മാണമെന്നാല്‍ അശ്ലീല സംഭാഷണങ്ങളും ആഭാസകരമായ ദൃശ്യങ്ങളും മാത്രമല്ലെന്ന് സിനിമാ നിര്‍മാതാക്കള്‍ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരി, ശാലിനി ഫാന്‍സാല്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിനിമയില്‍ പഞ്ചാബിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാല്‍ ചിത്രത്തിന്റെ കാതലായ ഭാഗം തന്നെ നഷ്ടപ്പെടുമെന്നാണ് നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചത്. എന്തു കാണണമെന്ന കാര്യം ജനങ്ങള്‍ക്കു വിട്ടുകൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ലഹരി ഉപയോഗത്തെ സിനിമയില്‍ മഹത്‌വല്‍ക്കരിക്കുന്നുണ്ടെങ്കില്‍ സിനിമ മൊത്തത്തില്‍ നിരോധിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇന്നത്തെ തലമുറ തുറന്ന മനസ്ഥിതിക്കാരും കൂടുതല്‍ പക്വതയുള്ളവരുമാണ്. ആഭാസകരമായ സംഭാഷണത്തിന്റെ പേരില്‍ മാത്രം ഒരു സിനിമയും വിജയിക്കുകയില്ല. സിനിമ പരാജയപ്പെടുന്നത് ഇത്തരം സംഭാഷണങ്ങളുടെ അമിത ഉപയോഗം മൂലമാണ്. എത്രമാത്രം ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സര്‍ഗശേഷിയുള്ള ഒരു ചലച്ചിത്രകാരന് നന്നായി അറിയാം. അവരുടെ വീഴ്ചകളില്‍ നിന്നു പഠിക്കാന്‍ അവരെ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് ധര്‍മാധികാരി പറഞ്ഞു.
Next Story

RELATED STORIES

Share it