ഉടുമ്പഞ്ചോല പിടിക്കാന്‍ മണി മുഴങ്ങിത്തുടങ്ങി

സി എ സജീവന്‍

തൊടുപുഴ: ഇടുക്കിയിലെ ഉടുമ്പഞ്ചോല നിയോജകമണ്ഡലം ഇക്കുറി മുമ്പില്ലാത്തതിനേക്കാള്‍ ശ്രദ്ധാകേന്ദ്രമാവും. സിപിഎമ്മിന്റെ വിവാദ പ്രാസംഗികനും നേതാവുമായ എം എം മണിയുടെ സ്ഥാനാര്‍ഥിത്വമാണ് മണ്ഡലത്തിനു പ്രാധാന്യമേറ്റുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇവിടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മണി മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യം കൈവന്ന മണ്ഡലം കൂടിയാണ് ഉടുമ്പഞ്ചോല. മണ്ഡലത്തിന്റെ മുഴുവന്‍ പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാണ്. ഇത് നാട്ടുകാരെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരുന്നു. അതിന്റെ പ്രതിഫലനം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായി. ഇരുമുന്നണികളെയും മാറിമാറി വരിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. ഇതുവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ ആറുതവണ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി വിജയം എല്‍ഡിഎഫിനൊപ്പമാണ്. മൂന്നു തവണയായി സിപിഎമ്മിന്റെ കെ കെ ജയചന്ദ്രനാണ് എംഎല്‍എ. കഴിഞ്ഞവര്‍ഷം അദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെയാണ് എം എം മണിക്കു നറുക്കു വീണത്. കോണ്‍ഗ്രസ് നാലുപേരുടെ പട്ടിക നല്‍കിയിട്ടുണ്ട്. ഐ ഗ്രൂപ്പിനാണ് സീറ്റെന്നാണ് കരുതുന്നത്. ഇതിനിടെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിന് സീറ്റു നല്‍കുമെന്നും സൂചനയുണ്ട്. മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളില്‍ ആറിടത്ത് യുഡിഎഫും നാലിടത്ത് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. സിപിഎം കോട്ടകളായിരുന്ന സേനാപതിയും രാജകുമാരിയും ഇത്തവണ യുഡിഎഫ് പിടിക്കുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ അഡ്വ. ജോയ്‌സ് ജോര്‍ജ് മണ്ഡലത്തില്‍ 22,692 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 1965ലാണ് ഉടുമ്പഞ്ചോല സ്വതന്ത്ര മണ്ഡലമായത്. ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ കെ ടി ജേക്കബിനായിരുന്നു വിജയം. 1967ലും ജേക്കബ് വിജയിച്ചു. എന്നാല്‍ 1970ല്‍ കേരളാ കോണ്‍ഗ്രസ്സിലെ വി ടി സെബാസ്റ്റിയന്‍ വിജയിച്ചു. 1977ല്‍ തോമസ് ജോസഫിനെയാണ് കേരളാ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. 8240 വോട്ടുകള്‍ക്ക് സിപിഎമ്മിലെ എം ജിനദേവന്‍ പരാജയപ്പെട്ടു. 1980ല്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായും തോമസ് ജോസഫ് വിജയിച്ചു. 5387 വോട്ടുകള്‍ക്ക്. ഇത്തവണ തോറ്റത് ആര്‍എസ്പിയിലെ പച്ചടി ശ്രീധരന്‍. 1982ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ജിനദേവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വി ടി സെബാസ്റ്റ്യനാണ് 1193 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങിയത്. എന്നാല്‍ 1987ല്‍ യുഡിഎഫ് മണ്ഡലം വീണ്ടും കൈക്കലാക്കി. മാണി ഗ്രൂപ്പിലെ മാത്യു സ്റ്റീഫനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റിങ് എംഎല്‍എ ജിനദേവന്‍ തോറ്റത് 4940 വോട്ടിനാണ്. 1991ല്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇ എം അഗസ്തിയിലൂടെ(3374) അവര്‍ ഉടുമ്പഞ്ചോല തിരിച്ചുപിടിക്കുകയും ചെയ്തു. മൂന്നാം വട്ടവും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ജിനദേവന്റെ വിധി. 1996ലും അഗസ്തി വിജയം ആവര്‍ത്തിച്ചു. ഇത്തവണ തോറ്റത് എം എം മണിയാണ്-4667 വോട്ടുകള്‍ക്ക്. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് സിപിഎമ്മിലെ കെ കെ ജയചന്ദ്രന്‍ ജയിച്ചുവരികയാണ്. 2001ല്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ 8841 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചു. 2006ല്‍ ജയചന്ദ്രന്‍ ലീഡ് കുത്തനെ കൂട്ടി-19648. തോറ്റത് ഇന്ദിര കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇബ്രാഹിംകുട്ടി കല്ലാര്‍. 2011ല്‍ കോണ്‍ഗ്രസ് ചങ്ങനാശ്ശേരിയില്‍ നിന്നുള്ള യുവനേതാവ് ജോസി സെബാസ്റ്റിയനെ അവതരിപ്പിച്ചെങ്കിലും ജയചന്ദ്രനെ തടയാനായില്ല. 9833 വോട്ടുകള്‍ക്ക് ജയചന്ദ്രന്‍ വീണ്ടും ഉടുമ്പഞ്ചോലയുടെ പ്രതിനിധിയായി.
Next Story

RELATED STORIES

Share it