ഉച്ചയൂണൊരുക്കി സുരേഷ് പ്രഭു കാത്തിരുന്നത് മമതാ ബാനര്‍ജിയെ; വന്നത് മറ്റൊരു മമത

ന്യൂഡല്‍ഹി: പൊതുപരിപാടികളെല്ലാം റദ്ദാക്കി ഉച്ചയൂണുമൊരുക്കി റയില്‍വേ മന്ത്രി സുരേഷ് പ്രഭു കാത്തിരുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ. എന്നാല്‍, വന്നതോ മമതാ താക്കൂറും. മാര്‍ച്ച് ആദ്യത്തിലാണ് രസകരമായ സംഭവം നടന്നത്.
സുരേഷ് പ്രഭുവിന്റെ ഓഫിസില്‍ ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മമതാ താക്കൂറിന്റെ സെക്രട്ടറി തപന്‍ റോയിയുടെ ഫോണ്‍കോള്‍ കിട്ടി. മമതയ്ക്ക് 25 മിനിറ്റ് അപ്പോയ്‌മെന്റ് വേണമെന്നായിരുന്നു ആവശ്യം. ഉദ്യോഗസ്ഥന്‍ മന്ത്രിയെ ഇക്കാര്യം അറിയിച്ചു. ബംഗാള്‍ മുഖ്യമന്ത്രി 25 മിനിറ്റ് സമയം ചോദിച്ചിരിക്കുന്നു. വിളിച്ചത് മമതയുടെ സെക്രട്ടറി തപന്‍ റോയി.
മാര്‍ച്ച് എട്ടിന് മമതയെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.വാജ്‌പേയി മന്ത്രിസഭയില്‍ തന്റെ സഹപ്രവര്‍ത്തക കൂടിയായ മമതയ്ക്ക് നല്‍കാന്‍ സമ്മാനങ്ങളും മന്ത്രി കരുതിവച്ചിരുന്നു. മമതയെന്ന് പേരു മാത്രമായിരുന്നില്ല മന്ത്രിയെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചത്. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഒരു തപന്‍ റോയിയായിരുന്നു മമതാ ബാനര്‍ജിയുടെ സെക്രട്ടറി. മമതാ താക്കൂറിന്റെ സെക്രട്ടറിയുടെ പേരും തപന്‍ റോയ്. എപ്പോഴാണ് മമത ഡല്‍ഹിയില്‍ എത്തുന്നതെന്ന് അന്വേഷിച്ച് റയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഫോണ്‍കോള്‍ വന്നപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നിയതെന്ന് മമതാ താക്കൂറിന്റെ സെക്രട്ടറി തപന്‍ റോയ് പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് രോഷാകുലനായ സുരേഷ്പ്രഭു ടെലഫോണ്‍ ഓഫിസറെ മറ്റൊരു ചുമതലയിലേക്ക് മാറ്റി. പ്രഭുവിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. സഞ്ജീവ് കുമാറിനും സ്ഥലംമാറ്റമുണ്ടായി.
Next Story

RELATED STORIES

Share it