Readers edit

ഉച്ചഭാഷിണി ഒഴിവാക്കുകയാണ് ഉചിതം

ഒക്ടോബര്‍ അഞ്ചിലെ തേജസില്‍ വായനക്കാര്‍ എഴുതുന്ന പംക്തിയില്‍ 'ഉച്ചഭാഷിണി വേണം', 'രംഗത്തുവരണം' എന്നിങ്ങനെ രണ്ടു തലക്കെട്ടില്‍ രണ്ടുപേര്‍ പേരുവെളിപ്പെടുത്താതെ എഴുതിയ കുറിപ്പുകള്‍ വായിച്ചപ്പോഴാണ് ഈ കുറിപ്പെഴുതാന്‍ മിനക്കെട്ടത്. ഉച്ചഭാഷിണി വേണ്ട എന്നല്ല, അതിലൂടെ ഉണ്ടാവുന്ന ശബ്ദശല്യം നിയന്ത്രിക്കണമെന്നാണ് സുപ്രിംകോടതി ഒരു വിധിന്യായത്തില്‍ പറഞ്ഞിട്ടുള്ളത്.

ദേവാലയങ്ങള്‍ക്കകത്തും പള്ളികള്‍ക്കകത്തും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ അതിനകത്തുള്ളവര്‍ക്കു മാത്രം കേള്‍ക്കത്തക്കവിധം ക്രമീകരിച്ചിരിക്കണം എന്നാണു നിയമം അനുശാസിക്കുന്നത്. ഇപ്പോള്‍ ജുമുഅ ഖുത്തുബ വേളയില്‍ ഉച്ചഭാഷിണിയിലൂടെ അത്യുച്ചത്തില്‍ പ്രസംഗിക്കുന്നത് പള്ളിക്കകത്തുള്ളവരുടെ ചെവിക്കല്ലുകള്‍ക്കു തന്നെ കേടുപറ്റാന്‍ ഇടവരുത്തുന്നു. റോഡുകളില്‍ നടന്നുപോവുന്നവരുടെ ചെവിയില്‍ ചെന്ന് അനാവശ്യമായി ഉച്ചഭാഷിണിശബ്ദം പതിക്കുന്നുവെന്ന കാര്യം പള്ളിക്കകത്തുനിന്നു പ്രസംഗിക്കുന്നവര്‍ സ്വയം മനസ്സിലാക്കുന്നില്ല.

പള്ളിക്കു മുകളില്‍ കൂടുതല്‍ നിലകളുണ്ടെങ്കില്‍ ബോക്‌സുകള്‍ ഘടിപ്പിച്ച് ശബ്ദം ക്രമീകരിക്കുകയാണു ചെയ്യേണ്ടത്. അതല്ലാതെ താഴെയുള്ള ഉച്ചഭാഷിണിയുടെ ശബ്ദം കൂട്ടിവച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുകയല്ല. കൂടുതല്‍ ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം കാലക്രമേണ കേള്‍വിക്ക് കുഴപ്പമുണ്ടാക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ക്ഷേത്രങ്ങളിലെ ഉല്‍സവ സീസണിലും മറ്റും ഉണ്ടാവുന്ന ശബ്ദശല്യം നിയന്ത്രിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ 2014 നവംബറില്‍ ഉച്ചഭാഷിണി ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജില്ലയിലെ എല്ലാ റസിഡന്‍സ് അസോസിയേഷനുകളും ഹാര്‍ദമായി സ്വാഗതംചെയ്തത് ഈ കുറിപ്പെഴുതിയ വായനക്കാര്‍ മനസ്സിലാക്കണമെന്നു താല്‍പ്പര്യപ്പെടുന്നു.

ടി എ അബ്്ദുല്‍ വഹാബ് തിരുവനന്തപുരം



നോട്ടയ്ക്ക് വോട്ടില്ലെന്നോ ?

തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ടയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കുകയാണെന്നറിയുന്നു.ദീര്‍ഘകാലത്തെ നിയമയുദ്ധത്തിനൊടുവില്‍ സുപ്രിംകോടതി നല്‍കിയ നോട്ട അവകാശത്തെ ഇല്ലായ്മ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയത്? അങ്ങനെ എളുപ്പത്തിലങ്ങ് മറികടക്കാവുന്നതാണോ പരമോന്നത നീതിപീഠത്തിന്റെ തീരുമാനം?സ്ഥാനാര്‍ഥികളില്‍ തമ്മില്‍ ഭേദം തൊമ്മനെ മാത്രം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായിരുന്ന സമ്മതിദായകരുടെ ഗതികേടിന് അറുതിവരുത്തുകയും മേല്‍പ്പറഞ്ഞ ആരെയും വേണ്ടെങ്കില്‍ അതു രേഖപ്പെടുത്താന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തത് കേവലം തമാശയ്ക്കല്ല, മറിച്ച് പൗരന്റെ മൗലികചിന്ത പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിക്കാട്ടാനാണ്. നോട്ട ഒഴിവാക്കിയാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാനും പാഴ്‌ച്ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കല്‍പ്പന ഇറക്കാനും ഇടകൊടുക്കണോ? അതുകൊണ്ടുതന്നെ വിഷയം കമ്മീഷന്‍ പുനപ്പരിശോധിക്കണം.

എം ഖാലിദ് നിലമ്പൂര്‍
Next Story

RELATED STORIES

Share it