kasaragod local

ഉച്ചഭാഷിണിമൂലം ശബ്ദമലിനീകരണം ഉണ്ടാക്കരുത്: ജില്ലാ കലക്ടര്‍

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടാക്കുന്ന വിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മൈക്ക് ഓപറേറ്റര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി ഉപകരണങ്ങള്‍ പിടിച്ചെടുക്കും. തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ. യോഗം കഴിഞ്ഞാലുടന്‍ ഓഫാക്കുകയും വേണം. രാവിലെ ആറുമുതല്‍ രാത്രി പത്ത് വരെ മാത്രമേ ഉച്ചഭാഷിണികള്‍, മൈക്രോഫോണ്‍, മറ്റ് വാദ്യോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാവൂ. ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലെ നിശബ്ദമേഖലയില്‍ സൗണ്ട് ആംപ്ലിഫയര്‍ ഉപയോഗിച്ച് 50 ഡെസിബെലിന് മുകളില്‍ ശബ്ദം പുറപ്പെടുവിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പൊതുതിരെഞ്ഞടുപ്പ് ശബ്ദമലിനീകരണം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ കലക്ടറേറ്റിന്റെ തിരഞ്ഞെടുപ്പ് റൂമില്‍ അറിയിക്കാം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നടക്കുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റ് ആവശ്യമാണെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം. ക്രമസമാധാന പാലനത്തിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പോലിസ് വകുപ്പിന് സാധ്യമാകത്തക്ക വിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ മുന്‍കൂട്ടി അറിയിക്കണം.
Next Story

RELATED STORIES

Share it