ഉംറയുടെ നിര്‍വൃതിയില്‍ 'ക്ലോക്ക് ബോംബ്' നിര്‍മാതാവ് ; അഹ്മദും കുടുംബവും മക്കയിലെത്തി

ജിദ്ദ: ഇലക്‌ട്രോണിക് ക്ലോക്ക് നിര്‍മിച്ചു ക്ലാസില്‍ കൊണ്ടുവന്നപ്പോള്‍ സ്‌ഫോടകവസ്തുവെന്നു സംശയിച്ച് അറസ്റ്റിലായി വിട്ടയക്കപ്പെട്ട അമേരിക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥി അഹ്മദ് മുഹമ്മദ് (14) എന്ന സുദാനി ബാലനും കുടുംബവും സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഉംറ നിര്‍വഹിക്കാനെത്തി. മസ്ജിദുല്‍ ഹറാമിലെത്തിയ അഹ്മദിനെയും കുടുംബത്തെയും ഇരു ഹറം കാര്യാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിച്ചു.

അഹ്മദിനെയും കുടുംബത്തെയും സൗദി രാജാവിന്റെ അതിഥിയായി ഹജ്ജിനെത്തിക്കാന്‍ സൗദി അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും വൈകിപ്പോയതിനാ ല്‍ അതിനു കഴിഞ്ഞില്ല. ആദ്യമായി വിശുദ്ധ കഅ്ബ ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും സാധിച്ച അഹ്മദ് സന്തോഷം കൊണ്ട് കണ്ണുനീര്‍ പൊഴിച്ചു. തനിക്ക് ഈ മഹാഭാഗ്യം നല്‍കിയ അല്ലാഹുവിനും തന്റെ മാതാപിതാക്കള്‍ക്കും നന്ദി പറഞ്ഞു. പ ഠിച്ച് ഉയരങ്ങളിലെത്തി അറിവുകള്‍ ലോകസമൂഹത്തിനു പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും അഹ്മദ് പറഞ്ഞു.

അമേരിക്കയിലെ ടെക്‌സാസ് മേഖലയിലാണ് അഹ്മദിന്റെ കുടുംബം താമസിക്കുന്നത്. പിതാവ് മുഹമ്മദ് ഹസന്‍ ടെക്‌സാസില്‍ വര്‍ക്‌ഷോപ്പ്് നടത്തുകയാണ്. പിതാവിന്റെ ജോലികളില്‍ അഹ്മദും സഹായിക്കാറുണ്ട്.വിശുദ്ധ മണ്ണില്‍ സൗദി ഭരണാധികാരിയുടെ അതിഥിയായി കാലുകുത്താന്‍ കഴിഞ്ഞതി ല്‍ അതിയായ സന്തോഷമുണ്ടെന്നു മുഹമ്മദ് ഹസന്‍ പറഞ്ഞു. അമേരിക്കയിലേക്ക് താമസം മാറുന്നതിനു രണ്ടു മാസം മുമ്പാണ് സുദാനില്‍ വച്ച് അഹ്മദ് ജനിച്ചത്. നാലാം വയസ്സില്‍ തന്നെ കളിമണ്ണ് ഉപയോഗിച്ചു വിവിധ വസ്തുക്കള്‍ ഉണ്ടാക്കുക അഹ്മദിന്റെ സ്വഭാവമായിരുന്നു.

കുറച്ചു കൂടി മുതിര്‍ന്നതോടെ ഇരുമ്പും ചെമ്പ് തകിടുകളും ചെറിയ കമ്പികളും ഉപയോഗിച്ചു ചെറിയ ചെറിയ ഇലക്ട്രിക് വസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങി. ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും കേടാവുമ്പോള്‍ നന്നാക്കുന്നതും ശീലമായിരുന്നു. ഇങ്ങനെയാണ് പൂര്‍ണമായ നിലയില്‍ ഇലക്ട്രിക് ക്ലോക്ക് നിര്‍മിച്ചത്. അഹ്മദ് ക്ലോക്കുമായി അഭിമാനപൂര്‍വം സ്‌കൂളിലെത്തുകയും അധ്യാപികയെ കാണിക്കുകയും ചെയ്തു. എന്നാല്‍, മുസ്‌ലിമായ അഹ്മദ് സ്‌ഫോടകവസ്തുവാണ് നിര്‍മിച്ചതെന്നു തെറ്റിദ്ധരിച്ച അധ്യാപിക പോലിസിനെ വിളിച്ചുവരുത്തി. കൈയാമം വച്ചാണ് പോലിസ് പിടിച്ചുകൊണ്ടുപോയത്.

അഞ്ചു ദിവസത്തോളം പോലിസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നു. ക്ലോക്ക് പരിശോധിച്ചപ്പോള്‍ സ്‌ഫോടകവസ്തുവല്ലെന്നും അഹ്മദ് തന്നെ നിര്‍മിച്ചതാണെന്നും തെളി ഞ്ഞു. മുന്‍വിധിയോടെ പെരുമാറിയ അധ്യാപികയ്‌ക്കെതിരേയും ലോകത്ത് വളര്‍ന്നുവരുന്ന ഇസ്‌ലാംഭീതിക്കെതിരേയും ലോക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അഹ്മദിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്.

ഇസ്‌ലാമോഫോബിയയുടെ ഒടുവിലത്തെ ഇരയായാണ് അഹ്മദിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഹ്മദിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചുവരുത്തിയിരുന്നു. അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ അഹ്മദിനെ നേരില്‍ കണ്ട് ഇത്തരം കണ്ടുപിടിത്തങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it