ഈ സ്വര്‍ണക്കപ്പിനു പറയാനുണ്ട് തിളങ്ങുന്ന ചരിത്രം

തിരുവനന്തപുരം: കൗമാര കലയുടെ അനന്തപൂരത്തിന് പ്രതിഭാ താരകങ്ങള്‍ അരങ്ങുവാഴുമ്പോള്‍ ഒന്നാമതെത്തുന്ന ജില്ലയെ കാത്തിരിക്കുന്ന സ്വര്‍ണക്കപ്പിനും പറയാനുണ്ട് ഒരു തിളങ്ങുന്ന ചരിത്രം. 30 വര്‍ഷം മുമ്പ് തൃശൂര്‍ നടന്ന 26ാമത് കലാമേളയ്ക്കാണ് ഇന്നു കാണുന്ന സ്വര്‍ണക്കപ്പ് ആദ്യമായി രംഗത്തെത്തിയത്. ചിറയിന്‍കീഴ് സ്വദേശിയും ചിത്രകാരനുമായ ശ്രീകണ്ഠന്‍ നായരാണ് കപ്പ് രൂപകല്‍പ്പന ചെയ്തത്. പുസ്തകത്തിനു മുകളില്‍ വച്ചിരിക്കുന്ന കൈയില്‍ ഏഴു വളയമുള്ള ശംഖ് നില്‍ക്കുന്ന രീതിയിലാണ് സ്വര്‍ണക്കപ്പ് നിര്‍മിച്ചിരിക്കുന്നത്.

ഇതില്‍ പുസ്തകം വിജ്ഞാനത്തെയും ശംഖ് സൗന്ദര്യത്തെയും കൈ പ്രയത്‌നത്തെയും സൂചിപ്പിക്കുമ്പോള്‍ ഏഴു വളയങ്ങള്‍ സപ്ത സ്വരങ്ങളുടെ പ്രതീകമാണ്. ആദ്യം 101 പവനില്‍ നിര്‍മിച്ച കപ്പില്‍ ഏഴു വളയങ്ങള്‍ കൂടി വന്നതോടെയാണ് 117.5 പവനായത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ചിത്രരചനാ വിദ്യാര്‍ഥിയായിരുന്ന ശ്രീകണ്ഠന്‍ നായര്‍ പിന്നീട് ആറു കൊല്ലം അവിടെത്തന്നെ അധ്യാപകനായി സേവനമനുഷഠിച്ചു. വിവിധ പത്രങ്ങളില്‍ ആര്‍ട്ട് എഡിറ്ററായും ഈ 75കാരന്‍ വരയുടെ വിസ്മയം തീര്‍ത്തിട്ടുണ്ട്. നിരവധി കലോല്‍സവങ്ങളില്‍ ചിത്രരചനാ മല്‍സരങ്ങളുടെ ജഡ്ജിയായിരുന്നു ശ്രീകണ്്ഠന്‍ നായര്‍. മൂന്നു പതിറ്റാണ്ടുമുമ്പ് അത്തരമൊരു വേദിയില്‍ വച്ചാണ് ചാംപ്യന്മാരാവുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്.

അന്ന് തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒരൊറ്റ ദിവസം കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ രൂപം മെനഞ്ഞെടുത്തത്. തെര്‍മോക്കോള്‍, ചിരട്ട, ഫെവിക്കോള്‍ എന്നിവ കൊണ്ടാണ് ഇദ്ദേഹം കപ്പിന്റെ ആകൃതിയുണ്ടാക്കിയത്. ലളിതകലാ അക്കാദമി സ്വര്‍ണമെഡല്‍ നല്‍കി ശ്രീകണ്ഠന്‍ നായരെ ആദരിച്ചിട്ടുണ്ട്. പ്രായമായതോടെ അധ്യാപകവൃത്തി അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടിയെങ്കിലും ചിത്രരചനയുടെ കാര്യത്തില്‍ ഇപ്പോഴും ചെറുപ്പമാണ് ശ്രീകണ്ഠന്‍ നായര്‍. മരണത്തിന്റെ നിറം ജീവിത കാന്‍വാസില്‍ എത്തുംവരെ തന്റെ ബ്രഷുകള്‍ വര്‍ണരാജികള്‍ തീര്‍ക്കുമെന്ന് ഇദ്ദേഹം പറയുന്നു.
Next Story

RELATED STORIES

Share it