Districts

ഈ അമ്മമാര്‍ സര്‍ക്കാരിന്റെ ഏത് കള്ളികളിലാണ്?

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: മുഴുവന്‍ പീഡനങ്ങളും പ്രകൃതിക്ഷോഭം പോലെ അനുഭവിച്ചു തീര്‍ക്കുന്ന ഈ അമ്മമാരുടെ മനസ്സിലുരുകുന്ന ചോദ്യം: തങ്ങളെ സര്‍ക്കാരിന്റെ ഏത് കള്ളികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്? അതിരറ്റ സഹനത്തിന്റെ/മാതൃത്വത്തിന്റെ/അനാഥത്വത്തിന്റെ ആള്‍രൂപങ്ങളായി ജീവിക്കുന്ന ഇവരുടെ മോചനത്തിന് എന്നാണ് ഒരു തിരഞ്ഞെടുപ്പ് മാമാങ്കം ഉണ്ടാവുക? ഈ തവണ അമ്പതു ശതമാനം സ്ത്രീ സംവരണമുണ്ടെന്ന് നാം മേനി പറയുന്നു. ഈ സ്ത്രീകള്‍ ഏത് സംവരണത്തിലാണുള്‍പ്പെടുക. ഊരും പേരുമില്ലാതെ ദശലക്ഷങ്ങള്‍ ഇവിടെ തെരുവിലുണ്ട്. ഇവരുടെ കാര്യം പറയാന്‍ ജയിച്ചുവന്ന ഏത് കൗണ്‍സിലറാണ് എന്തെങ്കിലും ഉരിയാടിയിട്ടുള്ളത്?
ഏത് നക്ഷത്രത്തില്‍ ഏത് രാശിയില്‍ എവിടെ പിറന്നുവീണു എന്നറിയാത്തവരാണിവര്‍. കോടികള്‍ മുടക്കി തിരഞ്ഞെടുപ്പുകള്‍ മാമാങ്കമാക്കുമ്പോള്‍ നഗരവീഥികളില്‍ രാപാര്‍ക്കുന്നവര്‍ക്ക് കൂരപണിയാനാരുണ്ട്? മൂന്നും നാലും തലമുറകളായി കഴിയുന്ന കുടുംബങ്ങളുണ്ട് നഗരത്തില്‍. ഏതോ കാട്ടില്‍ നിന്നും കുടിയേറി പാളയം ജന്മഭൂമിയാക്കി കഴിയുന്നവര്‍. അവരുടെ ഭാഷയ്ക്ക് പേരുമില്ല ഊരുമില്ല. പുതിയ തലമുറ മലയാളം നന്നായി പറയുന്നു.
റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലാത്തവര്‍ ഇനിയും തെരുവിനെ ആധാരമാക്കി കഴിയുന്നു. രാജ്യത്തിന്റെ വികസനം നാടിന്റെ നന്മ ഇങ്ങിനെയെന്തൊക്കെ. ഇവയൊന്നും അനുഭവിക്കാന്‍ യോഗമില്ലാത്ത ഈ അമ്മമാരുടെ കൂടി വോട്ടു ലഭിക്കുമ്പോഴാണ് ഇന്ത്യ ജനാധിപത്യ രാഷ്ട്രമാവുക. തിരഞ്ഞെടുപ്പു പ്രചരണം നഗരത്തില്‍ ഉല്‍സവം തീര്‍ക്കുമ്പോള്‍ പകലന്തിയോളം അലയുകയാണ് ഇവര്‍.
Next Story

RELATED STORIES

Share it