ഈഴവ വോട്ടുചോര്‍ച്ച തടയാന്‍ സിപിഎം ക്ലാസ്; ഇന്നും നാളെയും ക്ലാസുകള്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തില്‍ നിന്നു ബിഡിജെഎസിന് വോട്ടു പോവുന്നത് തടയുന്നതിനായി സിപിഎം ബൂത്തുതലങ്ങളില്‍ ക്ലാസുകള്‍ നടത്തും. ബിഡിജെഎസ് എന്ത്, എന്തിന് എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി ക്ലാസുകള്‍ നല്‍കുന്നത്. അതത് മണ്ഡലം കേന്ദ്രങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുന്നത്.
പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കളെക്കൂടാതെ വിരമിച്ച അധ്യാപകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ സമുദായ സംഘടനകളില്‍പെട്ട പണ്ഡിതന്മാര്‍ എന്നിവരാണ് ക്ലാസെടുക്കുന്നത്. ക്ലാസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ബൂത്ത് സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ തങ്ങള്‍ക്കു ചുമതലയുള്ള കുടുംബയോഗങ്ങളില്‍ അവതരിപ്പിക്കുകയും അതുവഴി ബിഡിജെഎസ് എന്താണെന്ന് ഈഴവ സമുദായ അംഗങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ശക്തമായി എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാനതല സര്‍ക്കുലര്‍ ബൂത്തു കണ്‍വന്‍ഷനുകളില്‍ റിപോര്‍ട്ടു ചെയ്യുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തുന്നത്. മൈക്രോഫിനാന്‍സ്, സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണം എന്നിവയാണ് പ്രധാനമായും സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്നത്.
എസ്എന്‍ഡിപി പ്രവര്‍ത്തകരായ ഈഴവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും ബിഡിജെഎസിന് പിന്തുണ നല്‍കരുതെന്നുമാണ് റിപോര്‍ട്ടില്‍ പറയുന്നത്. സംവരണം ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കും ഒപ്പമാണ് ബിഡിജെഎസ് നിലകൊള്ളുന്നത്. ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി എന്നും നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്നും റിപോര്‍ട്ടിങില്‍ പറയുന്നു.
പട്ടികജാതി പട്ടികവര്‍ഗമുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്നും പ്രവര്‍ത്തിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. എന്നാല്‍, ഇതെല്ലാം മറന്നുകൊണ്ട് ഈ വിഭാഗങ്ങളിലെ ഒരുവിഭാഗം ബിജെപിക്കായി കുടപിടിക്കാന്‍ ശ്രമിക്കുകയാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പരസ്യമായി വെള്ളാപ്പള്ളി നടേശനെതിരെയോ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയോ കുടുംബയോഗങ്ങളിലോ ബൂത്തുകണ്‍വന്‍ഷനുകളിലോ സിപിഎം നിലപാടെടുത്തിരുന്നില്ല. എന്നാല്‍ തെറ്റു തിരുത്താന്‍ ഇവര്‍ തയ്യാറാവാത്തതിനാലാണ് ഇവരെ തുറന്നു കാട്ടേണ്ടി വന്നിരിക്കുന്നതെന്നും റിപോര്‍ട്ടിങില്‍ പറയുന്നു.
Next Story

RELATED STORIES

Share it