thiruvananthapuram local

ഈറ്റയില്ല: ജില്ലയിലെ ബാംബൂ കോര്‍പ്പറേഷന്റെ ഡിപ്പോകള്‍ പൂട്ടുന്നു

കാട്ടാക്കട: ബാംബൂ കോര്‍പ്പറേഷന്റെ ഡിപ്പോകളില്‍ നിന്നുള്ള ഈറ്റ വിതരണം നിലച്ചതോടെ പരമ്പരാഗത ഈറ്റ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ജില്ലയില്‍ നെടുമങ്ങാട്, വെളിയന്നൂര്‍, ലൂദര്‍ഗിരി, തോളൂര്‍, കാട്ടാക്കട, മംഗലയ്ക്കല്‍, ചേനാട്, കുറ്ററ, ചെമ്പൂര്, പോങ്ങുംമൂട്, കുറ്റിച്ചല്‍, ചുള്ളിമാനൂര്‍ എന്നിവിടങ്ങളിലെ ഡിപ്പോകളാണ് ഈറ്റ ഇല്ലാത്തതിനാല്‍ പൂട്ടിയതെന്നു തൊഴിലാളികള്‍ പറഞ്ഞു. ഇതോടൊപ്പം വെളിയന്നൂര്‍, ലൂദര്‍ഗിരി, ചായ്ക്കുളം, കുറ്ററ എന്നിവിടങ്ങളിലെ യന്ത്രവല്‍കൃത നെയ്ത്തുശാലകലുടെയും പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. വര്‍ഷം തോറും വനം വകുപ്പില്‍ നിന്നും തൊഴിലാളികള്‍ക്ക് വിതരണത്തിനായി ഈറ്റ അലോട്ട്‌മെന്റ് ചെയ്യും. അത്രയും ഈറ്റ വനത്തില്‍ നിന്നും വെട്ടിക്കഴിഞ്ഞ ശേഷം പുതിയ അലോട്ട്‌മെന്റ് ഉണ്ടായാലേ കോര്‍പ്പറേഷന് ഈറ്റ വെട്ടാനാവൂ. ഉ—ദ്യോഗസ്ഥരുടെ അലംഭാവം മൂലം സമയത്തിനു വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ കഴിയുന്നില്ല. ഇതിനാല്‍ ഒരു അലോട്ട്‌മെന്റ് കാലാവധി കഴിഞ്ഞ് അടുത്തതിനു മാസങ്ങള്‍ എടുക്കും.
ഈ ഇടവേളകളിലാണ് തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ ഈറ്റ കിട്ടാതാവുന്നത്. ഇതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാവുന്ന അവസ്ഥയാണെന്നും യൂനിയനുകള്‍ പരാതിപ്പെടുന്നു. മുമ്പ് വനത്തില്‍ നിന്നും തൊഴിലാളികള്‍ക്ക് നേരിട്ട് ഈറ്റ വെട്ടാന്‍ വനം വകുപ്പ് അനുമതി നല്‍കാറുണ്ടായിരുന്നു. ഇപ്പോഴതില്ല. പകരം കോര്‍പ്പറേഷന്‍ നേരിട്ട് സംഭരിക്കുകയാണ്. കോര്‍പ്പറേഷന്‍ സംഭരിക്കുന്ന ഈറ്റ മുഴുവന്‍ പേപ്പര്‍ മില്ലുകള്‍ക്ക് കൊടുക്കുകയാണെന്നും യൂനിയന്‍ ആരോപിക്കുന്നു. ബന്ധപ്പെട്ട ഉ—ദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് തൊഴിലാളി കുടുംബങ്ങളെ രക്ഷിക്കണമെന്നും പരമ്പരാഗത ഈറ്റ ആന്‍ഡ് ചൂരല്‍ കാട്ടുവള്ളി വര്‍ക്കേഴ്‌സ് യൂനിയന്‍ (യുടിയുസി ബി) ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it