Kottayam Local

ഈരാറ്റുപേട്ട നഗരസഭ: അവസാന നിമിഷം മേല്‍ക്കൈ നേടി എല്‍ഡിഎഫും എസ്ഡിപിഐയും

ഈരാറ്റുപേട്ട: വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനു ശേഷം വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ഈരാറ്റുപേട്ട നഗരസഭയില്‍ അവസാന നിമിഷം മേല്‍ക്കൈ നേടി എല്‍ഡിഎഫും എസ്ഡിപിഐയും. മുസ്‌ലിം ലീഗിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച എല്‍ഡിഎഫും നഗരസഭയില്‍ നിലമെച്ചപ്പെടുത്താന്‍ എസ്ഡിപിഐയും പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ ലീഗിനു വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഭരണം തങ്ങളുടെ കൈവിട്ടുപോവുമെന്ന ആശങ്കയില്‍ കൈയ്യും മെയ്യും മറന്നാണ് ലീഗും പ്രചാരണ രംഗത്തുണ്ടായിരുന്നത്. നഗരസഭ രൂപീകരണത്തിനെതിരേ ആദ്യഘട്ടത്തില്‍ ലീഗിലെ ഒരുവിഭാഗം രംഗത്തു വന്നത് പാര്‍ട്ടിക്ക് അണികള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും ഒരു പരിധിവരെ എതിര്‍പ്പുണ്ടാക്കി. ലീഗിന്റെ നഗരസഭ രൂപീകരണത്തോടുള്ള എതിര്‍പ്പ് ജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ എസ്ഡിപിഐക്കും എല്‍ഡിഎഫിനും കഴിഞ്ഞിരുന്നു. ഇതു ലീഗിനെ പ്രതിസന്ധിയിലുമാക്കി. എസ്ഡിപിഐ 13 വാര്‍ഡുകളിലും എല്‍ഡിഎഫ് 28 വാര്‍ഡുകളിലും ചിട്ടയായ പ്രചാരണമാണ് നടത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പഞ്ചായത്ത് ഭരണം നടത്തിവന്ന ലീഗ് ഭരണത്തിലെ അഴിമതി,സ്വജനപക്ഷാപാതം, നഗരസഭ രൂപീകരണത്തോടുള്ള എതിര്‍പ്പ്,വികസനമുരടിപ്പ്, തുടങ്ങിയ വിഷയങ്ങളാണ് ഇരുമുന്നണികളും പ്രചാരണ രംഗത്ത് ഉയര്‍ത്തിക്കാട്ടിയത്. ഏറ്റവും അവസാനം നഗരസഭയിലെ തേവരുപാറ ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ചില ലീഗ് പ്രവര്‍ത്തകരാണെന്നുള്ള ആരോപണം ഉയര്‍ന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.
അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം യുഡിഎഫിന് ജനങ്ങള്‍ക്കിടയില്‍ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും നഗരസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി തുടര്‍ഭരണം നടത്തുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. തുടക്കം മുതല്‍ നഗരസഭയെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് വിജയം ലീഗിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.
Next Story

RELATED STORIES

Share it