Kottayam Local

ഈരാറ്റുപേട്ടയില്‍ ഇന്നുമുതല്‍ പുതിയ ഗതാഗത പരിഷ്‌കാരം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരത്തില്‍ ഇന്നു മുതല്‍ പുതിയ ഗതാഗത പരിഷ്‌കാരം നിലവില്‍വരും. ഇന്ന് വൈകീട്ട് അഞ്ചിന് കടുവാമൂഴി ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെയാണിത്. പരിഷ്‌കരണത്തിന്റെ ആദ്യഘട്ടമായി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ റൂട്ടിലാണ് മാറ്റം വരുത്തുന്നത്.
ഇതനുസരിച്ച് ഈരാറ്റുപേട്ടയില്‍ സര്‍വീസ് അവസാനിക്കുന്ന തൊടുപുഴ ഭാഗത്തു നിന്നു വരുന്ന ബസ്സുകള്‍ പഴയ സ്റ്റാന്റില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസ്സുകള്‍ പഴയ സ്റ്റാന്റില്‍ നിന്നു സര്‍വീസ് ആരംഭിച്ച് കടുവാമൂഴി സ്റ്റാന്റിലെത്തി മുട്ടം ജങ്ഷന്‍ വഴി കടന്നുപോകും. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ കടുവാമൂഴിയില്‍ സര്‍വീസ് അവസാനിപ്പിക്കും. അവിടെ നിന്നു തന്നെ സര്‍വീസ് ആരംഭിച്ച് ടൗണ്‍ സ്റ്റാന്റിലെത്തി കടന്നുപോവും. കടുവാമൂഴി ബസ് സ്റ്റാന്റിന് മുമ്പിലൂടെ കടന്നു പോകുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളും സ്റ്റാന്റില്‍ കയറും. ഇതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവും.
തൊടുപുഴ കാഞ്ഞിരപ്പള്ളി റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കടുവാമൂഴി സ്റ്റാന്റില്‍ കയറില്ല. അമ്പാറനിരപ്പ് വഴി പാലായ്ക്കുള്ള സര്‍വീസുകളും തല്‍സ്ഥിതി തുടരും. ടൗണിലെ സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം ബസ്സുകള്‍ നിര്‍ത്തിയിടുന്നത് അനുവദിക്കില്ല. കടുവാമൂഴി സ്റ്റാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വടക്കേക്കരയുടെ വികസനവും സാധ്യമാവും.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദ് അധ്യക്ഷത വഹിച്ചയോഗത്തില്‍ പാലാ ജോയിന്റ് ആര്‍ടിഒ ടോജോ തോമസ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വി കെ കബീര്‍, പി എച്ച് ഹസീബ്, വി പി നാസര്‍, അംഗങ്ങളായ നിസാര്‍ കുര്‍ബാനി, ഇസ്മായില്‍ കീഴേടം, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ബസുടമാ പ്രതിനിധികള്‍ സംസാരിച്ചു. കടുവാമൂഴി ബസ് സ്റ്റാന്റ് ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് കടുവാമൂഴി പ്രൈവറ്റ് സ്റ്റാന്റില്‍ ചേരുന്ന യോഗത്തില്‍ കലക്ടര്‍ യുവി ജോസ് നിര്‍വഹിക്കും. മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍ പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയ്യാദ് മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ സെക്രട്ടറി പി എം അബ്ദുല്‍സമദ്, എ എം എ ഖാദര്‍, വി കെ കബീര്‍ വെട്ടിയ്ക്കല്‍, ടി എം ഇബ്രാഹിംകുട്ടി മൗലവി, പി ഇ മുഹമ്മദ് സക്കീര്‍, കെ ഐ നൗഷാദ്, പ്രഫ. ഫരീദ്, സുബൈര്‍ വെള്ളാപ്പള്ളി, ആര്‍ടിഒ പ്രസാദ് തോമസ്, പി എച്ച് ഹസീബ്, ലൈലാ പരിത് സംസാരിക്കും.
Next Story

RELATED STORIES

Share it