World

ഈജിപ്ഷ്യന്‍ വിമാനാപകടം; ഡാറ്റാ റിക്കാര്‍ഡര്‍ കണ്ടെടുത്തു

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലിലേക്ക് തകര്‍ന്നുവീണ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിലുള്‍പ്പെടുന്ന ഡാറ്റാ റിക്കാര്‍ഡര്‍ കണ്ടെടുത്തു.
മെയ് 19നാണ് എ 320 എയര്‍ബസ് തകര്‍ന്നുവീണ് 66 പേര്‍ കൊല്ലപ്പെട്ടത്. അന്നു മുതല്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സിനുള്ള തിരച്ചിലിലായിരുന്നു അന്വേഷണസംഘം. ബ്ലാക് ബോക്‌സിന്റെ ഭാഗമായ വോയ്‌സ് റിക്കാഡര്‍ വ്യാഴാഴ്ച കണ്ടെടുത്തിരുന്നുവെങ്കിലും ഇത് പാടെ തകര്‍ന്ന അവസ്ഥയിലായിരുന്നു.
വിമാനത്തിന്റെ വാല്‍ഭാഗത്ത് സൂക്ഷിക്കുന്നതാണ് ഡാറ്റാ റിക്കാര്‍ഡറും വോയ്‌സ് റിക്കാഡറും ഉള്‍പ്പെടുന്ന ബ്ലാക് ബോക്‌സ്. വിമാനത്തിന്റെ വോയ്‌സ് റിക്കാഡര്‍ പൂര്‍ണമായി നശിച്ച അവസ്ഥയിലാണ് ലഭിച്ചത്. എന്നാല്‍, ഡാറ്റാ റിക്കാഡറില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം.
ഇന്നലെ ഡാറ്റാ റിക്കാര്‍ഡര്‍ കണ്ടെടുത്തത് കഷണങ്ങളായിട്ടാണ്. ഇതോടെ വിമാനാപകടം സംബന്ധിച്ച ദുരൂഹത വീണ്ടും ശക്തമായി. പൈലറ്റുമാര്‍ക്കുണ്ടായ പിഴവോ, അല്ലെങ്കില്‍ വിമാനത്തിന് തകരാറോ സംഭവിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. വിമാനവുമായി കണ്‍ട്രോള്‍ റൂമിനുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിന്റെ ഒരു മിനിറ്റ് മുമ്പ് വിമാനത്തില്‍ പുക ഉയരുമ്പോഴുള്ള ഇലക്‌ട്രോണിക് സന്ദേശം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്.
ഗ്രീക്ക് അന്വേഷക സംഘത്തിന്റെ നിഗമനങ്ങള്‍ പ്രകാരം വിമാനം 90 ഡിഗ്രി ഇടത്തോട്ടും, പിന്നീട് 360 ഡിഗ്രി വലത്തോട്ടും ചരിഞ്ഞതിനു ശേഷം 11.3 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും 4.6 കിലോമീറ്റര്‍ താഴത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് 3 കിലോമീറ്റര്‍ താഴേക്കു പതിച്ച വിമാനം റഡാറില്‍ നിന്നു പൂര്‍ണമായും അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it