ഈജിപ്ഷ്യന്‍ വിമാനാപകടം തകരുന്നതിനുമുമ്പ് വിമാനത്തില്‍ നിന്ന് പുകയുയര്‍ന്നു

പാരിസ്: പാരിസില്‍ നിന്നു കെയ്‌റോയിലേക്കു പറക്കവെ തകര്‍ന്ന ഈജിപ്ത് എയര്‍ എ320 വിമാനത്തില്‍ നിന്നു പുകയുയര്‍ന്നുവെന്ന റിപോര്‍ട്ടുകള്‍ ഫ്രാന്‍സ് സ്ഥിരീകരിച്ചു.
വിമാനം തകരുന്നതിനു മുമ്പായി കാബിനിനുള്ളില്‍ നിന്ന് പുകയുയരുന്നെന്ന് എയര്‍ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍സ് അഡ്രസ്സിങ് സിസ്റ്റത്തില്‍(എസിഎആര്‍) നിന്ന് സന്ദേശം ലഭിച്ചതായി ഫ്രഞ്ച് വ്യോമയാന സുരക്ഷാ ഏജന്‍സി അറിയിച്ചു.
അപകടത്തിന്റെ കാരണം തിരിച്ചറിയാനായില്ലെന്നും ഫ്‌ളൈറ്റ് ഡാറ്റാ റിക്കാര്‍ഡടങ്ങിയ വിമാനഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും വ്യോമയാന സുരക്ഷാ ഏജന്‍സി വക്താവ് അറിയിച്ചു.
വിമാനത്തില്‍നിന്നു പുകയുയര്‍ന്നെന്ന റിപോര്‍ട്ടുകളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഈജിപ്ഷ്യന്‍ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ സമയത്ത് ഇത്തരം റിപോര്‍ട്ടുകള്‍ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ കഴിയില്ല. വിമാനത്തിലെ യാത്രക്കാരില്‍ 30 പേര്‍ ഈജിപ്തില്‍നിന്നും 15 പേര്‍ ഫ്രാന്‍സില്‍ നിന്നുമുള്ളവരാണ്.
ഇറാഖ്, ബ്രിട്ടന്‍, ബെല്‍ജിയം, സുദാന്‍, ഛാഡ്, പോര്‍ച്ചുഗല്‍, അല്‍ജീരിയ, കാനഡ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു യാത്രികര്‍. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം അലക്‌സാന്‍ഡ്രിയക്കു സമീപം വച്ച് കണ്ടെത്തിയിരുന്നു. യാത്രക്കാര്‍ക്കും ബ്ലാക്ക് ബോക്‌സടക്കമുള്ള കൂടുതല്‍ വിമാനഭാഗങ്ങള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ എല്ലായാത്രക്കാരും വിമാനജീവനക്കാരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
മെഡിറ്ററേനിയന്‍ കടലില്‍നിന്നു കണ്ടെടുത്ത വിമാന ഭാഗങ്ങള്‍ ഈജിപ്ത് പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ്ബാഗുകല്‍, ഷൂസ് തുടങ്ങിയവ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഈജിപ്ഷ്യന്‍ സൈന്യം പുറത്തുവിട്ട വീഡിയോയിലുള്ളത്. ബ്ലാക്ക് ബോക്‌സ് എവിടെയാണെന്ന് കണ്ടെത്തിയതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അത്തരം റിപോര്‍ട്ടുകള്‍ ഈജിപ്ത് വ്യോമയാന മന്ത്രാലയം നിഷേധിച്ചു.
ബ്ലാക്കബോക്‌സ് കണ്ടെത്തിയാല്‍ ആ വിവരം ഇടനെത്തന്നെ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it