ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കെയ്‌റോ: പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കവേ മെഡിറ്ററേനിയന്‍ കടലില്‍ കാണാതായ ഈജിപ്ത് എയര്‍ എംഎസ് -804 വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ മാസം 19നായിരുന്നു 66 യാത്രികരുമായി തിരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനഭാഗങ്ങള്‍ കണ്ടെത്തിയതായും പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ഈജിപ്ത് വ്യോമയാന മന്ത്രാലയം അറിയിച്ചു. തിരച്ചില്‍ നടത്തിയ ജോണ്‍ ലെത്ത്ബ്രിഡ്ജ് എന്ന കപ്പലിന്റെ സഹായത്തോടെയാണ് വിമാനാവശിഷ്ടങ്ങള്‍ എവിടെയെന്ന് കണ്ടെത്താനായത്. ഈജിപ്ത് തീരത്തിനും ഗ്രീസിലെ ക്രീറ്റ് ദ്വീപിനുമിടയിലാണ് വിമാനാവശിഷ്ടങ്ങള്‍. ഇവയുടെ ചിത്രങ്ങള്‍ ഈജിപ്ഷ്യന്‍ അന്വേഷണ സംഘത്തിനു കൈമാറി. രണ്ടാഴ്ച മുമ്പ് വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ ഫ്രഞ്ച് കപ്പലിനു ലഭിച്ചിരുന്നു. അപകടത്തിനു മുമ്പുള്ള 26 മണിക്കൂറുകളിലെ വിവരങ്ങളാണ് ബ്ലാക്ക്‌ബോക്‌സ് അഥവാ ഫ്‌ളൈറ്റ് ഡാറ്റാ റിക്കാര്‍ഡില്‍ നിന്നും വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റിക്കാഡറില്‍ നിന്നും ലഭ്യമാവുക. ബ്ലാക്‌ബോക്‌സ് അന്വേഷണസംഘത്തിനു ലഭിച്ചാല്‍ അപകടകാരണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ കണ്ടെത്താം.
Next Story

RELATED STORIES

Share it