World

ഈജിപ്ത്: ആറു പേരുടെ വധശിക്ഷ ശരിവച്ചു; മുര്‍സിക്ക് 40 വര്‍ഷം തടവ്

കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സിക്ക് 40 വര്‍ഷം തടവ്. ദേശീയ രഹസ്യം ഖത്തറിനു ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് കെയ്‌റോ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ മെയ് 7ന് ആറുപേര്‍ക്ക് വിധിച്ച വധശിക്ഷയും കോടതി ശരിവച്ചു. മറ്റു രണ്ടുപേര്‍ക്ക് 25 വര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കാന്‍ ഇനി ഗ്രാന്‍ഡ് മുഫ്തി ശൗഖി അല്ലാമിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈജിപ്തിലെ നിയമമനുസരിച്ച് വധശിക്ഷ നടപ്പാക്കാന്‍ രാജ്യത്തെ ഉന്നത മതസമിതിയായ ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി വേണം.
മുര്‍സിക്കു നേരത്തേ വിധിച്ചതിനു പുറമെ 15 വര്‍ഷം തടവുകൂടി വിധിക്കുകയായിരുന്നു. വധശിക്ഷ ലഭിച്ചവരില്‍ അല്‍ജസീറ അറബിക് ചാനലിലെ മുന്‍ ന്യൂസ് ഡയറക്ടര്‍ ഇബ്രാഹീം മുഹമ്മദ് ഹിലാല്‍, അഹ്മദ് അബ്ദു അലി അഫിഫി (ഡോക്യുമെന്ററി സിനിമാ നിര്‍മാതാവ്), അസ്മാ അല്‍ ഖതീബ്(റസ്സ്ദ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടര്‍), ആലാ ഉമര്‍ മുഹമ്മദ് (ജോര്‍ദാനിലെ അല്‍ജസീറ ലേഖകന്‍), മുഹമ്മദ് കിലാനി, അഹ്മദ് ഇസ്മാഈല്‍ എന്നിവരും ഉള്‍പ്പെടും.
രാജ്യത്ത് ആദ്യമായി ജനാധിപത്യരീതിയിലൂടെ അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് പാര്‍ട്ടിയെ 2013ല്‍ സര്‍ക്കാര്‍ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചിരുന്നു. പട്ടാള അട്ടിമറിയിലൂടെ മുര്‍സിയെ അധികാരഭ്രഷ്ടനാക്കിയ ശേഷം ബ്രദര്‍ഹുഡ് അനുകൂലികളെ കൂട്ടമായി തടവിലാക്കുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്യുന്ന നടപടിയാണ് അല്‍സീസി സര്‍ക്കാര്‍ തുടരുന്നത്.
വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. രാജ്യരഹസ്യങ്ങള്‍ അല്‍ജസീറ ചാനലിനും ഖത്തറിനും ചോര്‍ത്തി നല്‍കിയെന്ന കേസിനു പുറമെ സൈനിക, രാഷ്ട്രീയ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി, നിരോധിത സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു (ബ്രദര്‍ഹുഡ്), ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്തു, സൈനികരെയും പോലിസിനെയും ആക്രമിച്ചു എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
2011ല്‍ തടവു ചാടാന്‍ ശ്രമിച്ച കേസില്‍ മുര്‍സിക്കും ബ്രദര്‍ഹുഡ് പരമോന്നത നേതാവ് മുഹമ്മദ് ബദീഇനും മറ്റ് 100 നേതാക്കള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ബദീഇന്റെ ശിക്ഷ പിന്നീട് അസാധുവാക്കി.
Next Story

RELATED STORIES

Share it