ഈജിപ്ത്പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

കെയ്‌റോ: മുഹമ്മദ് മുര്‍സി ഭരണകൂടത്തെ പുറത്താക്കി പട്ടാള ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍സിസി അധികാരം പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന പ്രഥമ പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന് ഈജിപ്തില്‍ തുടക്കമായി. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നടങ്കം തകര്‍ത്തതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് സിസിയുടെ അധികാരം ഊട്ടിയുറപ്പിക്കുമെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

592 അംഗ പാര്‍ലമെന്റിലേക്ക് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പിന് രാജ്യത്തെ 14 പ്രവിശ്യകളില്‍നിന്നുള്ള 2.7 കോടി ജനങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. 5000ത്തില്‍ അധികം വരുന്ന സ്ഥാനാര്‍ത്ഥികളില്‍ ഭുരിപക്ഷവും അല്‍സിസിയെ പിന്തുണയ്ക്കുന്നവരാണ്. 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പകുതി സീറ്റ് നേടി അധികാരത്തിലേറിയ  ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയെ പട്ടാള ഭരണകൂടം നിരോധിക്കുകയും നിരവധി നേതാക്കളെ തുറങ്കിലടയ്ക്കുകയും ചെയ്തിരിക്കുകയാണ്.

അതേസമയം, ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഹുസ്്‌നി മുബാറക്ക് ഭരണകൂടത്തിലെ പലരും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്.  ഡിസംബര്‍ നാലിന് അന്തിമ ഫലപ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.
Next Story

RELATED STORIES

Share it