ഈജിപ്തിലെ സ്‌കോര്‍പിയന്‍ ജയിലില്‍ തടവുകാരുടെ കൂട്ട നിരാഹാരം

കെയ്‌റോ: ഈജിപ്തിലെ സ്‌കോര്‍പിയന്‍ ജയില്‍ എന്ന പേരില്‍ കുപ്രസിദ്ധമായ അല്‍ അഖ്‌റബ് ജയിലില്‍ 32ലധികം തടവുകാര്‍ കൂട്ട നിരാഹാര സമരം തുടരുന്നു. ജയിലില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരായാണു സമരം.
തടവുപുള്ളികളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളെയും ഈജിപ്തിന്റെ ഗ്വണ്ടാനമോ എന്നറിയപ്പെടുന്ന ഇവിടെ ജയിലധികൃതര്‍ മര്‍ദ്ദിക്കാറുണ്ട്. ഗുരുതരമായ പീഡനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജയിലില്‍ നടന്നതെന്നും തടവുപുള്ളികളെയും ബന്ധുക്കളെയും ഗാര്‍ഡുമാര്‍ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണെന്നും തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടന അറിയിച്ചു.
കഴിഞ്ഞമാസം 24നാണ് ഏതാനും തടവുകാര്‍ നിരാഹാര സമരം ആരംഭിച്ചത്. പിന്നീട് 25ഓളം തടവുകാര്‍ സമരത്തില്‍ പങ്കുചേര്‍ന്നു. ജയിലിലെ സാഹചര്യങ്ങള്‍ ഭേദമാവുന്നതുവരെ ആഹാരം കഴിക്കില്ലെന്നു സമരക്കാര്‍ വ്യക്തമാക്കി. മുസ്‌ലിം ബ്രദര്‍ഹുഡ് മുന്‍വക്താവായിരുന്ന ജിഹാദ് അല്‍ഹദ്ദാദ് അടക്കമുള്ളവരാണ് സമരം ആരംഭിച്ചത്.
2014 ജനുവരി 25മുതല്‍ അല്‍ഹദ്ദാദ് അല്‍ അഖ്‌റബ് ജയിലില്‍ കഴിയുകയാണ്. തന്നെ മോചിപ്പിക്കാനല്ല ജയിലിലെ സാഹചര്യങ്ങള്‍ ഭേദപ്പെടുത്താനാണ് എല്‍ഹദ്ദാദ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ബസ്മ മഹ്മൂദ് പറഞ്ഞു. ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും കഴിക്കാന്‍ പറ്റുന്ന ഭക്ഷണവും രോഗബാധിതര്‍ക്കു ചികില്‍സയുമാണ് ആവശ്യപ്പെടുന്നത്- ബസ്മ മഹ്മൂദ് പറ്ഞ്ഞു. നിലവില്‍ ചില്ലുമറയ്ക്കപ്പുറത്തുനിന്നാണ് സന്ദര്‍ശകര്‍ക്കു തടവുകാരെ കാണാന്‍ സാധിക്കുക. ഈ സമ്പ്രദായം മാറ്റണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് 12 മണിക്കൂറോളം കാത്തുനിന്നാല്‍ മാത്രമേ തടവില്‍ കഴിയുന്നവരെ കാണാന്‍ സാധിക്കുന്നുള്ളൂ.
ബ്രദര്‍ഹുഡ് അംഗങ്ങളായ തടവുകാര്‍ക്കുനേരെ വ്യാപകമായ പീഡനമാണ് ജയിലുകളില്‍ നടക്കുന്നത്. സമരത്തെ അനുകൂലിച്ച് അറബ് ഹംഗര്‍സ്‌ട്രൈക് എന്ന ഹാഷ്ടാഗ് പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it