ഇ-ലോകത്ത് മീനച്ചൂടിനെ വെല്ലും പ്രചാരണച്ചൂട്

കെ എം അക്ബര്‍

ചാവക്കാട്: പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇ-ലോകമൊരുങ്ങി. മീനച്ചൂടിനെ വെല്ലും പ്രചാരണച്ചൂടിലാണ് ഇപ്പോള്‍ ഇ-ലോകം.
ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും തിരഞ്ഞെടുപ്പ് ചര്‍ച്ചകളും വിശകലനങ്ങളുംകൊണ്ട് നിറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങള്‍ പോസ്റ്റ് ചെയ്തും വോട്ട് അഭ്യര്‍ഥിച്ചും എതിര്‍ പാര്‍ട്ടിക്കാരെയും നേതാക്കളെയും ഇകഴ്ത്തിക്കാട്ടിയും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. പ്രകടനപത്രികകളെപ്പോലും വെല്ലുന്ന വികസന വാഗ്ദാനങ്ങളാണ് ഫേസ്ബുക്ക് പേജുകളില്‍ കാണുന്നത്. സാമൂഹിക മാധ്യമ രംഗത്തെ പ്രചാരണങ്ങള്‍ക്കായി പാര്‍ട്ടികള്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍മാരില്‍ സന്ദേശം അതിവേഗം എത്തിക്കുന്നതിന് ഇ-തിരഞ്ഞെടുപ്പ് പ്രചാരണം സഹായകമാണ്. വലിയ പണച്ചെലവില്ലാതെതന്നെ പ്രചാരണം നടത്താനാവുമെന്നതും സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നു.
വോട്ടര്‍മാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയുന്നവിധത്തിലാണ് ചില സ്ഥാനാര്‍ഥികള്‍ ഫേസ്ബുക്ക് പേജ് തയ്യാറാക്കിയിട്ടുള്ളത്. തകര്‍ന്ന റോഡും മാലിന്യക്കൂമ്പാരവും പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ ചിത്രങ്ങളും സഹിതം വികസന മുരടിപ്പ് തുറന്നുകാട്ടുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ കൊമ്പുകോര്‍ക്കുന്ന ഇ-പ്രചാരണം ന്യൂ ജനറേഷന്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടല്‍.
Next Story

RELATED STORIES

Share it