Others

ഇ.യു. 2,00,000 അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യു.എന്‍.

ഇ.യു. 2,00,000 അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യു.എന്‍.
X
united nation

.
ന്യൂയോര്‍ക്ക്: അഭയാര്‍ഥികളോടുള്ള ഉദാസീന നിലപാട് വെടിഞ്ഞ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ രണ്ടുലക്ഷം പേരെ സ്വീകരിക്കണമെന്നു യു.എന്‍. പ്രതിസന്ധി പരിഹരിക്കുന്നതിനു യൂനിയന്‍ മുഴുവന്‍ ശക്തിയും പുറത്തെടുക്കണമെന്നും അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍. ഏജന്‍സി മേധാവി അന്റോണിയോ ഗട്ടിറസ് ആവശ്യപ്പെട്ടു.

പ്രതിസന്ധി ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ യോഗത്തില്‍ അഭയാര്‍ഥി ഭാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു ശക്തമായ തര്‍ക്കം ഉടലെടുത്തിരുന്നു. അതേസമയം, ഹംഗറി നൂറുകണക്കിന് അഭയാര്‍ഥികളെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്ക് എത്തിച്ചേരാനായി ട്രെയിനില്‍ യാത്ര ചെയ്ത അഭയാര്‍ഥികളെ ബിക്‌സെ പട്ടണത്തില്‍ ഇറക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. ബുഡാപെസ്റ്റില്‍നിന്നു 40 കി.മീ. ദൂരത്തുള്ള ഇവിടെ ഇറങ്ങി സമീപത്തെ അഭയാര്‍ഥി ക്യാംപുകളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, അഭയാര്‍ഥിയായി ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ചേക്കേറുന്നതിനു വിഘാതമാവുമെന്ന് അഭയാര്‍ഥികള്‍ ഭയക്കുന്നു.

അതേസമയം, യൂറോപ്യന്‍ കുടിയേറ്റത്തിനിടെ തുര്‍ക്കി തീരത്ത് മുങ്ങിമരിച്ച സിറിയന്‍ കുഞ്ഞ് അല്യാന്‍ കുര്‍ദിയുടെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ സ്വദേശമായ കൊബാനിലെത്തിച്ചു സംസ്‌കരിച്ചു. പുലര്‍ച്ചെ തുര്‍ക്കി വിമാനത്തില്‍ ഇസ്താംബൂളിലേക്കും അവിടെനിന്നു കൊബാനിലുമെത്തിക്കുകയായിരുന്നു. മരണത്തില്‍ നിന്നു രക്ഷപ്പെട്ട പിതാവ് മൃതദേഹങ്ങളെ അനുഗമിച്ചു.ഗ്രീക്ക് ദ്വീപായ കോസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച 16 പേരില്‍ ഒരാളായ മൂന്നു വയസ്സുകാരനായ അല്യാന്‍ കുര്‍ദിയുടെ കടല്‍ത്തീരത്തു കിടക്കുന്ന മൃതദേഹം ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു.

അതിനിടെ, കൂടുതല്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്പ് യോജിച്ച തീരുമാനമെടുക്കണമെന്നും കാമറണ്‍ ആവശ്യപ്പെട്ടു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച അല്യാന്‍ കുര്‍ദിയുടെ മൃതദേഹത്തിന്റെ ചിത്രം കണ്ടതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Next Story

RELATED STORIES

Share it