thrissur local

ഇ-ടോയ്‌ലറ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു

മാള: പഞ്ചായത്ത് ബസ് സ്റ്റാ ന്റില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇ-ടോയ്‌ലറ്റുകള്‍ നിലവില്‍ സ്ഥാപിക്കുന്നയിടത്ത് നിന്ന് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാള പ്രതികരണ വേദിയടക്കമുള്ള സംഘടനകള്‍ നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും വെല്ലുവിളിയെന്നോണം ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ഉദ്ധേശിച്ചയിടത്ത് തന്നെ ഇ-ടോയലറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം തകൃതിയായി നടക്കുകയാണ്. കേവലം 1800 ചതുരശ്രയടി മാത്രം വിസ്ഥീര്‍ണ്ണമുള്ള ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസ്സുകളുമായി 150 ഓളം ബസ്സുകള്‍ വന്നുപോകുന്നുണ്ട്.
ഇ-ടോയലറ്റുകള്‍ സ്ഥാപിക്കുന്നതിനായാണ് നിലവിലുണ്ടായിരുന്ന രണ്ട് കംഫര്‍ട്ട് സ്റ്റേഷനുകളില്‍ ഒന്ന് നേരത്തെ പൊളിച്ചുമാറ്റിയത്.
എന്നാല്‍ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നയിടത്ത് ഇ-ടോയലറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനായുള്ള ടാങ്ക് നിര്‍മ്മിക്കുന്നതിന് കുഴി കുത്തിയിട്ടിരിക്കയാണ്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന തെക്ക് കിഴക്കേ ഭാഗത്താണ് ഇ-ടോയലറ്റുകള്‍ സ്ഥാപിക്കുന്നതിനയി കുഴി കുത്തിയിരിക്കുന്നത്. അടിയില്‍ സെപ്റ്റിക്ക് ടാങ്ക് സ്ഥാപിച്ച് അതിന്‍മേലെ ഇ-ടോയലറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി 10 ഇ-ടോയലറ്റുകളാണ് സ്ഥാപിക്കുന്നത്.
ഇവ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ രണ്ടോ മൂന്നോ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് നഷ്ടമാകുന്നത്. നേരത്തെ പണിതശേഷം ഒരാള്‍ പോലും ഉപയോഗിക്കാതെ പൊളിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ സ്ഥാനത്ത് ഒന്നാം ഘട്ടവും നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ച് ബാക്കി ഇ-ടോയലറ്റുകളും സ്ഥാപിക്കാമെന്നിരിക്കേയാണ് സകലരേയും വെല്ലുവിളിച്ചെന്നോണം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് ഇ-ടോയലറ്റുകള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.
തിരക്കേറിയ സമയങ്ങളില്‍ ഇപ്പോള്‍തന്നെ വലിയതോതിലുള്ള സ്ഥലപരിമിതിയാണ് സ്റ്റാന്റില്‍ അനുഭവപ്പെടുന്നത്. ബസ് സ്റ്റാന്റ് യാര്‍ഡിന്റെ ഒരുഭാഗം ഇ-ടോയ്‌ലറ്റുകള്‍ക്കായി മാറിക്കഴിഞ്ഞാല്‍ സ്ഥലപരിമിതി അതിരൂക്ഷമാകും. ഇ-ടോയലറ്റുകള്‍ സ്റ്റാന്റിന്റെ തെക്ക് കിഴക്കേ ഭാഗത്ത് സ്ഥാപിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് മാള പ്രതികരണവേദി യോഗം ആവശ്യപ്പെട്ടു.
ബസ്സുകള്‍ക്ക് നിന്നുതിരിയാനിടമില്ലാത്ത സ്റ്റാന്റില്‍ ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പ്രസിഡന്റ് സലാം ചൊവ്വരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. വി എസ് നിസാര്‍, സി എ സജീവന്‍, വി കെ ജോണ്‍സന്‍, അര്‍ഷാദ് കടവില്‍, ഹനീഫ മണ്ണാന്തറ യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it