kozhikode local

ഇ- ടോയ്‌ലറ്റുകള്‍ ഇനി സൗജന്യമായി ഉപയോഗിക്കാം

കോഴിക്കോട്: നഗരസഭ ഇറാം സയന്റിഫിക് സൊല്യൂഷനുമായി ചേര്‍ന്ന് സ്ഥാപിച്ച 15 ഇ ടോയിലറ്റുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനസജ്ജമായി. ഇതിന്റെ സേവനം തികച്ചും സൗജന്യമാണെന്ന് മേയര്‍ വികെസി മമ്മദ്‌കോയ പറഞ്ഞു. പുതുതായി ഏഴ് ടോയിലറ്റുകളാണ് നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. മുമ്പുണ്ടായിരുന്ന എട്ട് ടോയിലറ്റുകള്‍ നവീകരിക്കുകയും ചെയ്തിട്ടുണ്ട്.
മാനാഞ്ചിറ സ്‌ക്വയര്‍(രണ്ട്), മെഡിക്കല്‍ കോളജ്(മൂന്ന്), അരീക്കാട്, ബീച്ച് എന്നിവിടങ്ങളില്‍ പഴയതിനു പകരം പുതിയ ഇ ടോയിലറ്റുകള്‍ സ്ഥാപിച്ചു. ബീച്ചില്‍ സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ മാനാഞ്ചിറ സ്‌കൂളിനു സമീപം, മുതലക്കുളം(രണ്ട്), ബേപ്പൂര്‍, ലോറി സ്റ്റാന്‍ഡ്, കാരപ്പറമ്പ്, പാവങ്ങാട്, ഓയിറ്റി റോഡ് എന്നിവിടങ്ങളില്‍ നിലവിലുള്ള ഇ ടോയിലറ്റുകള്‍ ആവശ്യമായ ജല-വെദ്യൂത-സ്വീവേജ് ലഭ്യത ഉറപ്പാക്കി സൗജന്യ ഉപയോഗത്തിന് സജ്ജമാക്കിയിട്ടിരിക്കുകയാണ്.
ഇ- ടോയിലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ടോയിലറ്റിനുമുമ്പിലെ സ്‌ക്രീനില്‍ പച്ച, ചുവപ്പ് എന്നിങ്ങനെ ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പച്ച ലൈറ്റ് തെളിഞ്ഞാല്‍ പുഷ് ബട്ടണ്‍ അമര്‍ത്തി വാതില്‍ തുറന്ന് ടോയിലറ്റില്‍ പ്രവേശിക്കാം. ആള്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ടോയിലറ്റിനു പുറത്ത് ചുവപ്പ് ലൈറ്റ് പ്രവേശിക്കും.
പുറത്ത് നിന്ന് ആള്‍ക്ക് തുറക്കാന്‍ സാധിക്കില്ല. എന്നാല്‍ അകത്തുള്ള ആള്‍ക്ക് സാധാരണ വാതില്‍ തുറക്കുന്നതുപോലെ തന്നെ പുറത്തേക്ക് വരാനും സാധിക്കും. കൂടുതല്‍ സുരക്ഷയ്ക്ക് അകത്ത് കുറ്റിയും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളം കുറവാണെങ്കില്‍ ടോയിലറ്റിനു പുറത്തെ സ്‌ക്രീനില്‍ ലോ വാട്ടര്‍ എന്ന സിഗ്നല്‍ കാണിക്കും. ഉപയോഗത്തിനു മുമ്പും ശേഷവും ഫഌഷ് ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ടോയിലറ്റിന്റെ തറ തനിയെ വൃത്തിയാക്കാനുള്ള സംവിധാനം, സെന്‍സറുകള്‍ ഉപയോഗിച്ച് ജല-വൈദ്യൂതി ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനം എന്നിങ്ങനെ 100ശതമാനവും പരിസ്ഥിതി സൗഹൃദവും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സ്വയംവൃത്തിയാക്കുന്നതുമാണ് ഇ ടോയിലറ്റ് സംവിധാനം. ഉപയോഗക്രമം പുറത്തെ ബോര്‍ഡില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവരിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇ ടോയിലറ്റുകള്‍ പുനസ്ഥാപിച്ചത്.
2011ലാണ് ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഇ ടോയിലറ്റുകള്‍ സ്ഥാപിച്ചത്. സ്ഥിരമായ ജലലഭ്യതയും വൈദ്യൂതിയും ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുകയായിരുന്നു. സാമൂഹിക വിരുദ്ധരും ഇ ടോയിലറ്റുകള്‍ക്ക് വില്ലനായി. വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ വി കെ സി മമ്മദ് കോയ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ഇറാം സയന്റിഫിക് സൊല്യൂഷന്‍സ് ജി എം നാരായണ സ്വാമി പങ്കെടുത്തു.
Next Story

RELATED STORIES

Share it