ഇ ചന്ദ്രശേഖരന്‍ ജനപക്ഷത്ത് നിന്ന നേതാവ്

എ പി വിനോദ്

കാഞ്ഞങ്ങാട്: ഒരു ജനപ്രതിനിധി എപ്പോഴും ജനപക്ഷത്തായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരമാണ് ഇ ചന്ദ്രശേഖരന്‍ എന്ന ജനകീയന്‍. ഒരിക്കലും പാര്‍ലമെന്ററി വ്യാമോഹം ഇല്ലാതിരുന്ന ഇ ചന്ദ്രശേഖരന്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് 2011ല്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കന്നിയങ്കം കുറിച്ചത്. എന്‍ഡോസള്‍ഫാന്‍ സമരരംഗത്തായാലും ഭൂമി ഇല്ലാത്തവരുടെ പ്രശ്‌നത്തിലായാലും ജനങ്ങള്‍ക്കൊപ്പം ഈ ജനനേതാവുണ്ടാവുമെന്ന തിരിച്ചറിവാണ് ചന്ദ്രശേഖരന് രണ്ടാമങ്കത്തിന് അവസരം ലഭിച്ചത്.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന ഖജാഞ്ചി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 1969ല്‍ എഐവൈഎഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്നത്. തുടര്‍ന്ന് എഐവൈഎഫിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍, ഡോ. സുബ്ബറാവു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1987 ജില്ലാ സെക്രട്ടറിയായി. ഇതിനിടെ 1998ല്‍ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
ഗ്രാമവികസന ബോര്‍ഡ് അംഗം, കേരള അഗ്രോ മെഷനറീസ് കോര്‍പറേഷന്‍ ഡയറക്ടര്‍, സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മിറ്റി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. 1979-85 വരെ ചെമ്മനാട് പഞ്ചായത്ത് അംഗമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായ ഇ കെ നായരുടെ സഹോദരീപുത്രനാണ് ചന്ദ്രശേഖരന്‍. സാവിത്രിയാണ് ഭാര്യ. മകള്‍: നീലി ചന്ദ്രന്‍ (കേരള സര്‍വകശാല കാര്യവട്ടം കാംപസില്‍ എംഫില്‍ വിദ്യാര്‍ഥിനി).
Next Story

RELATED STORIES

Share it