kasaragod local

ഇ ചന്ദ്രശേഖരന്‍ ഇനി റവന്യൂ മന്ത്രി

കാസര്‍കോട്: ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിച്ച കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഇനി റവന്യൂ മന്ത്രി ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് റവന്യൂവകുപ്പ് ഒരു മന്ത്രി കൈകാര്യം ചെയ്യുന്നത്. തെക്കല്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇതിന് മുമ്പൊക്കെ ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള കാസര്‍കോടിന് തന്നെ റവന്യൂ വകുപ്പ് ലഭിച്ചത് ജനങ്ങളില്‍ ആഹ്ലാദം വിതച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ജില്ലയിലുള്ളത്.
റവന്യൂ, വനംവകുപ്പിന് കീഴിലും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ജില്ലയില്‍ തരിശായി കിടക്കുന്നുണ്ട്. പ്രകാശ് എസ്റ്റേറ്റ് വിവാദവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരെ സമരം ചെയ്ത ഇ ചന്ദ്രശേഖരന്‍ മന്ത്രിയായി വരുന്നതോടെ ഈ പ്രശ്‌നത്തിനും ശാശ്വത പരിഹാരമാകും. പ്രകാശ് എസ്റ്റേറ്റില്‍ നിന്ന് വിലക്ക് വാങ്ങിയ ഭൂമിയില്‍ വീട് കെട്ടി താമസിക്കുന്ന പലര്‍ക്കും ഇപ്പോഴും നികുതി അടക്കാന്‍ പോലും സംവിധാനമില്ല. ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകള്‍ രൂപീകരിച്ചെങ്കിലും ഇവിടങ്ങളില്‍ കോടതികളും നിലവില്‍ വന്നിട്ടില്ല.
കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനും മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത, കാഞ്ഞങ്ങാട്-മൈസൂര്‍-ചെന്നൈ അന്തര്‍ സംസ്ഥാന പാത, കോട്ടച്ചേരി റെയില്‍വേ മേല്‍പാലം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ, കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം, കാസര്‍കോട് മെഡിക്കല്‍ കോളജ് തുടങ്ങിയവക്ക് പരിഹാരമുണ്ടാക്കാന്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഇ ചന്ദ്രശേഖരന്‍ ഉദുമ മണ്ഡലത്തിലെ പെരുമ്പള സ്വദേശിയാണെങ്കിലും മല്‍സരിച്ച് വിജയിച്ചത് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് അതുകൊണ്ട് തന്നെ ഇരുമണ്ഡലങ്ങളുടേയും ജില്ലയുടേയും സമഗ്ര വികസനത്തിന് മന്ത്രിസ്ഥാനം ഉപയോഗപ്പെടുത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇ ചന്ദ്രശേഖരന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ജില്ലയില്‍ നിന്നും നിരവധി പേരാണ് തിരുവനന്തപുരത്തെത്തിയത്. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മന്ത്രിയുടെ കുടുംബാംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it