ഇസ്‌ലാമിക് റിലീഫിനുള്ള സഹായധനം എച്ച്എസ്ബിസി നിര്‍ത്തിവച്ചു

ലണ്ടന്‍: മുസ്‌ലിം ജീവകാരുണ്യ സംഘടനയായ ഇസ്‌ലാമിക് റിലീഫിന് സഹായധനം നല്‍കുന്നത് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ബാങ്കിങ് ഭീമനായ എച്ച്എസ്ബിസി നിര്‍ത്തി. 'തീവ്രവാദ ബന്ധ'മുണ്ടെന്ന ഭീതിയെത്തുടര്‍ന്നാണ് ധനസഹായം നിര്‍ത്തിവച്ചത്.
എച്ച്എസ്ബിസി സഹായധനം റദ്ദാക്കുന്ന ഒടുവിലത്തെ ഇസ്‌ലാമിക സംഘടനയാണിത്. ബ്രിട്ടിഷ് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യസംഘടനയാണിത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ലഭിക്കുന്ന പണം വിദേശ സായുധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുമ്പേ തീരുമാനം കൈക്കൊണ്ടിരുന്നതായാണ് വിവരം. സംഘടനയുടെ പ്രവര്‍ത്തനരീതികളോട് പൊരുത്തപ്പെട്ടു പോവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എച്ച്എസ്ബിസി അറിയിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരുകയാണെന്ന് ബ്രിട്ടനിലെ ഇസ്‌ലാമിക് റിലീഫിന്റെ ഡയറക്റ്റര്‍ ഇമ്രാന്‍ മദ്ദെന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എച്ച്എസ്ബിസി ഈ നിലപാടെടുത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നീപ്പാള്‍ ഭൂകമ്പ ബാധിതര്‍ക്കായി സഹായസാമഗ്രികള്‍ വാങ്ങിക്കുന്നതില്‍ കാലതാമസം വന്നതായും ഇസ്‌ലാമിക് റിലീഫ് ആരോപിച്ചു.
എച്ച്എസ്ബിസി മുമ്പും ഇസ്‌ലാമിക് സന്നദ്ധസംഘടനകള്‍ക്കുള്ള സഹായം റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, 40 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിലീഫ് പോലുള്ള വലിയൊരു സംഘടനയ്ക്കുനേര്‍ക്കുള്ള നടപടി ഇതാദ്യമായാണ്.
Next Story

RELATED STORIES

Share it