World

ഇസ്‌ലാംവിരുദ്ധ പദ്ധതികള്‍ തയ്യാറാക്കി ജര്‍മനിയിലെ എഎഫ്ഡി പാര്‍ട്ടി; ബാങ്കുവിളി നിര്‍ത്തണമെന്ന് ആവശ്യം

ബര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) മുസ്‌ലിംവിരുദ്ധ പദ്ധതികള്‍ക്ക് ആഹ്വാനംചെയ്തു.
രാജ്യത്ത് ഇസ്‌ലാമിക മുദ്രകളും ഇസ്‌ലാമിക മതാചാരങ്ങളും നിരോധിക്കുകയാണു പ്രധാന അജണ്ട. മുസ്‌ലിംകളെ രാജ്യത്തേക്കു സ്വാഗതം ചെയ്യില്ലെന്നും പാര്‍ട്ടി അറിയിച്ചു.
എഎഫ്ഡി പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും (2000ത്തോളം ഡെലിഗേറ്റുകള്‍) പദ്ധതിയെ അനുകൂലിച്ചു. ഇസ്‌ലാമിക വിശ്വാസികളുടെ പൊതു പരിപാടികള്‍ നിരോധിക്കുക, ഇസ്‌ലാം പള്ളിയിലെ മിനാരങ്ങളും ബാങ്കുവിളിയും നിര്‍ത്തലാക്കുക എന്നിവയാണു പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. പൊതുസ്ഥലങ്ങളില്‍ ഹിജാബും നിക്കാബും നിരോധിക്കണമെന്നും അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.
തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നല്‍കുന്നതിനെതിരെയും എഫ്ഡി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനിയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാഷ്ട്രീയപ്പാര്‍ട്ടിയായി എഎഫ്ഡി വളര്‍ന്നതായി സര്‍വേ ഫലങ്ങള്‍ കാണിക്കുന്നു.
മൂന്നുവര്‍ഷം മുമ്പു മാത്രം രൂപീകരിച്ച പാര്‍ട്ടിക്കു മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു. ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങളാണു പാര്‍ട്ടി പ്രധാനമായും മുന്നോട്ടുവച്ചത്. ജര്‍മനിയില്‍ അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it