ഇസ്രായേല്‍ - ഫലസ്തീന്‍ സംഘര്‍ഷം; ബാന്‍ കി മൂണ്‍ അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

റാമല്ല: ഫലസ്തീനിലും ഇസ്രായേലിലും അടുത്തിടെയുണ്ടായ മുഴുവന്‍ കൊലപാതകങ്ങളും അന്വേഷണവിധേയമാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മേഖലയിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 50ഓളം ഫലസ്തീനികളുടെയും എട്ട് ഇസ്രായേലികളുടെയും മരണത്തിനിടയാക്കിയ മൂന്നാഴ്ചയായി തുടരുന്ന സംഘര്‍ഷത്തിന് അറുതിവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാന്‍ കി മൂണിന്റെ സന്ദര്‍ശനം.
മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അധിനിവേശം അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും മൂണ്‍ വ്യക്തമാക്കി. മൂണ്‍ കഴിഞ്ഞ ദിവസം ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഇസ്രായേലിന്റെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നു ഫലസ്തീന്‍ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി. ഇസ്രായേല്‍ സൈനികനെ കുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ജഅ്ബരി കുടുംബത്തിലെ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയതാണ് ഇസ്രായേല്‍ അതിക്രമങ്ങളിലെ അവസാനത്തേത്.
ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കു മറുപടി പറയാന്‍ ഫലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടെന്നും സ്വയം പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താമെന്നും അല്‍ജിഹാദുല്‍ ഇസ്‌ലാമി പ്രസ്താവനയില്‍ വ്യക്തമാക്കി. ഹെബ്രോണിലെ യുവാക്കളുടെ കൊലപാതകം അധിനിവേശ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്കുള്ള അധിക തെളിവാണെന്നും ഇപ്പോള്‍ കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ഇന്‍തിഫാദയ്ക്ക് അത് ഇന്ധനമായിത്തീരുമെന്നും ഹമാസ് നേതാവ് ഇസ്സത്ത് രിശ്ഖ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it