ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം; കെറി, അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ സ്‌ഫോടനാത്മകമായ സ്ഥിതി വിശേഷം ചര്‍ച്ച ചെയ്യുന്നതിന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജോര്‍ദാനിലെത്തി. തലസ്ഥാനമായ അമ്മാനില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സൈനിക കാവല്‍പുരയില്‍ സ്വകാര്യ സുരക്ഷാജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതിനു പിന്നാലെയാണ് കെറിയുടെ കൂടിക്കാഴ്ച. മുഹമ്മദ് സക്കര്‍ന(16) ആണ് വടക്കന്‍ ജെനിനിലെ ജലാമീ കാവല്‍പുരയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം ആരംഭിച്ച ഈ മാസം ഇതുവരെ 56 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ വെള്ളിയാഴ്ച വെസ്റ്റ്ബാങ്കിലും ഗസയിലും ഇസ്രായേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇരുനൂറോളം ഫലസ്തീനികള്‍ക്കു പരിക്കേറ്റു.
മസ്ജിദുല്‍ അഖ്‌സയ്ക്കു നേരെയുള്ള ഇസ്രായേല്‍ അതിക്രമങ്ങളിലും അതിന്റെ പവിത്രത കളങ്കപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ രോഷത്തിന്റെ വെള്ളിയാഴ്ചയായി ആചരിക്കാന്‍ നിരവധി ഫലസ്തീന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.
വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈനികര്‍ പ്രതിഷേധക്കാര്‍ക്കു നേരെ റബര്‍ ബുള്ളറ്റും മെറ്റല്‍ ബുള്ളറ്റും ഉപയോഗിച്ചു നടത്തിയ വെടിവയ്പില്‍ 39 ഫലസ്തീനികള്‍ക്കു പരിക്കേറ്റു. ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 159 ഫലസ്തീനികള്‍ക്കും പരിക്കേറ്റു.
Next Story

RELATED STORIES

Share it