ഇസ്രായേല്‍ തടവില്‍ കഴിഞ്ഞ 12കാരി ഫലസ്തീനി ബാലികയ്ക്ക് പരോള്‍

വെസ്റ്റ് ബാങ്ക്: ഏറ്റവും പ്രായം കുറഞ്ഞ ഫലസ്തീന്‍ തടവുകാരി രണ്ടര മാസത്തെ ജയില്‍വാസത്തിനു ശേഷം ഞായറാഴ്ച പരോളിലിറങ്ങി. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റം തുടരുന്ന കര്‍മെയ് ത്‌സുറിനു സമീപം വച്ച് ഈ വര്‍ഷം ഫെബ്രുവരി 9 നായിരുന്നു വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ സ്വദേശിനിയായ 12കാരി അറസ്റ്റിലായത്. വധശ്രമം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇസ്രായേലി പോലിസ് ബാലികയെ കസ്റ്റഡിയിലെടുത്തത്. നാലര മാസം തടവാണ് ഇസ്രായേലി സൈനിക കോടതി ശിക്ഷവിധിച്ചത്.
ജയിലില്‍ വേറെയും പ്രായം കുറഞ്ഞ തടവുപുള്ളികള്‍ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബാലികയുടെ യഥാര്‍ഥ പേര് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഡി അല്‍വാവി എന്ന പേരാണ് പകരം ഉപയോഗിച്ചിട്ടുള്ളത്. സഹ തടവുകാരില്‍ പതിമൂന്നും പതിനാലും വയസ്സുള്ളവരുണ്ട്. അവരാണ് എന്നെ അവിടെ സഹായിച്ചത്. പുറത്തിറങ്ങാനായതില്‍ സന്തോഷമുണ്ട്. എന്നാല്‍, ജയിലിലെ മറ്റു കുട്ടികളുടെ കാര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് അഭിമുഖത്തില്‍ ഡി പറയുന്നു. ജയിലില്‍നിന്നു തിരിച്ചെത്തിയ ഡിയെ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
14 വയസ്സിനു മുകളിലുള്ളവരെ മാത്രമേ തടവുശിക്ഷയ്ക്കു വിധിക്കാവൂ എന്നാണ് ഇസ്രായേല്‍ സിവില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇസ്രായേല്‍ പൗരരുടെ കാര്യത്തില്‍ ഈ നിയമമാണ് സ്വീകരിക്കുന്നത്. എന്നാല്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍കാര്‍ക്കെതിരേ സൈനിക നിയമമാണ് ഇസ്രായേല്‍ പ്രയോഗിക്കുന്നത്. ഈ നിയമപ്രകാരമാണ് 12 വയസ്സുള്ള ഫലസ്തീനി കുട്ടികളെപ്പോലും ഇസ്രായേല്‍ തടവിലിടുന്നത്. പ്രായപൂര്‍ത്തിയാവാത്ത 438 ഫലസ്തീനികള്‍ ഇസ്രായേലി തടവറകളില്‍ കഴിയുന്നുണ്ട്.
Next Story

RELATED STORIES

Share it