ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ നിയമവിരുദ്ധമാക്കണം: അദ്‌നാന്‍ അബു അല്‍ ഹയ

കൊച്ചി: കച്ചവടവും വാണിജ്യവും ഉള്‍പ്പെടെയുള്ള ഇസ്രായേലി അധിനിവേശത്തിന്റെ എല്ലാ ഉപോല്‍പ്പന്നങ്ങളും നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെടേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹയ. എറണാകുളത്തു നടന്ന ഇന്ത്യ- ഫലസ്തീന്‍ സൗഹൃദസമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെ വേര്‍തിരിച്ചുകാട്ടാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ആരംഭിച്ച പുതിയ ലേബലിങ് ക്രമീകരണം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചടക്കപ്പെട്ട ഫലസ്തീന്‍ മണ്ണില്‍ നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട ഇസ്രായല്‍ കുടിയേറ്റ കേന്ദ്രങ്ങളെ മൊത്തത്തില്‍ ബഹിഷ്‌കരിക്കാനുള്ള നടപടികളുടെ സുപ്രധാനമായ തുടക്കമാണിത്.
ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെ പിന്തുണച്ചിരുന്നില്ലെങ്കില്‍ ഫലസ്തീനി ലെ വിപ്ലവം ഫലപ്രദമാവുമായിരുന്നില്ല. ഫലസ്തീന്‍ ജനതയ്ക്കും അവരുടെ നാടിനുമെതിരേ തുടര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രയേലിനെക്കൊണ്ട് കണക്കുപറയിക്കാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദീര്‍ഘമായൊരു കാലത്തോളം, താരതമ്യപ്പെടുത്താനാവാത്ത വിധം ശക്തനായ ശത്രുവുമായി യുദ്ധം ചെയ്യാനുള്ള ശേഷി തന്നത് സോവിയറ്റ് യൂനിയന്റെ ധാര്‍മികവും മറ്റുതരത്തിലുള്ളതുമായ പിന്തുണയായിരുന്നു. യുഎസ്എസ്ആറിന്റെ തകര്‍ച്ചയ്ക്കു ശേഷം പോലും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഇന്ത്യന്‍ നാഷന ല്‍ കോണ്‍ഗ്രസ്സിനെപ്പോലെ മധ്യനിലപാടു പുലര്‍ത്തുന്ന മതേതര പാര്‍ട്ടികളും തങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കിപ്പോന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രായേലി കുടിയേറ്റക്കാരില്‍ നിന്ന് ഫലസ്തീന്‍കാര്‍ക്ക് 200ലധികം കടന്നാക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ജറുസലേമില്‍ ഇസ്രായേലി തീവ്രവാദഗ്രൂപ്പുകള്‍ അല്‍ അഖ്‌സ പള്ളിക്കു നേരെ ആസൂത്രിതമായ കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെയും ജനതയെയും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷുകാരുടെ പിന്തിരിപ്പന്‍ തന്ത്രം ഇന്ത്യയിലെ പോലെ ഫലസ്തീന്റെ മണ്ണിലും പരീക്ഷിക്കുകയാണെന്ന് സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലുടെ മുഖ്യപ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഇന്ത്യ- ഫലസ്തീന്‍ സൗഹൃദസമിതി പ്രസിഡന്റ് പി കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ് എംപി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഐ (എംഎല്‍) റെഡ്ഫഌഗ് അഖിലേന്ത്യാ സെക്രട്ടറി എം എസ് ജയകുമാര്‍, പ്രഫ. എം കെ പ്രസാദ്, റഫീക്ക് അഹ്മദ്, പ്രഫ. കെ അരവിന്ദാക്ഷന്‍, പി സി ഉണ്ണിച്ചെക്കന്‍, കെ എ മോഹന്‍ദാസ്, ഫ്രെഡി കെ താഴത്ത്, അഡ്വ. ടി ബി മിനി സംസാരിച്ചു.
Next Story

RELATED STORIES

Share it