World

ഇസ്രായേല്‍ ആക്രമണങ്ങള്‍ ഗസയെ ബാലവേലയിലേക്കു നയിക്കുന്നു

ഗസാ സിറ്റി: ദിവസവും സ്‌കൂളില്‍ പോവുന്നതിനു പകരം ഏതാനും നാണയങ്ങള്‍ സമ്പാദിക്കുന്നതിനായി ആക്രമണങ്ങളില്‍ തകര്‍ന്ന ഗസയിലെ വീടുകളില്‍ നിന്ന് പാഴ്‌വസ്തുക്കള്‍ ശേഖരിച്ചു വില്‍ക്കുകയാണ് 11കാരനായ വാലിദ് മഅറൂഫും 12കാരന്‍ ഇബ്രാഹീം ഘാബെനും. വിദ്യാര്‍ഥികളായിരുന്ന വാലിദിനും ഇബ്രാഹീമിനും അവരുടെ കുടുംബങ്ങളിലെ വരുമാനം നിലച്ചതിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നു.
ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇത്തരത്തില്‍ നിരവധി കുട്ടികളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. 10 വര്‍ഷത്തോളമായി ഇസ്രായേലിന്റെ ഉപരോധത്തിന്‍ കീഴില്‍ ജീവിക്കുന്ന ഗസ നിവാസികളുടെ പ്രതിസന്ധി 2013ല്‍ ഈജിപ്ത് അതിര്‍ത്തി അടച്ചതോടു കൂടി കൂടുതല്‍ രൂക്ഷമായി. ഗസയിലെ 19 ലക്ഷം ജനങ്ങളില്‍ പകുതിയോളം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 80 ശതമാനം പേരും അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തെ ആശ്രയിച്ച് ജീവിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 45 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഇന്റര്‍ നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഗസയില്‍ 10നും 17നും ഇടയ്ക്കു പ്രായമുള്ള 10,000ഓളം കുട്ടികള്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടിരട്ടിയാണ് ഈ സംഖ്യയില്‍ വന്ന വര്‍ധനവ്. പിതാവ് തൊഴില്‍രഹിതനായതോടെ തനിക്ക് പാഴ്‌വസ്തുക്കള്‍ പെറുക്കി വരുമാനം കണ്ടെത്തേണ്ട ഗതി വന്നതായും ഒന്‍പതംഗ കുടുംബത്തിന്റെ ചെലവിനായി പ്രതിദിനം 20 ഷെക്കലുകളാണ്(300 രൂപയോളം) സമ്പാദിക്കുന്നതെന്നും ഇബ്രാഹീം പറയുന്നു.
ദിവസവും കടുത്ത വെയില്‍ സഹിച്ച് വടക്കന്‍ ഗസയിലെ റീസൈക്ലിങ് പ്ലാന്റിലേക്ക് പാഴ്‌വസ്തുക്കളും ചുമന്ന് ഇബ്രാഹീമിനെയും വാലിദിനെയും പോലുള്ള നിരവധി കുട്ടികളെത്തുന്നു. ഇസ്രായേല്‍ ഉപരോധം ഗസയില്‍ സൃഷ്ടിക്കുന്ന ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ് ബാലവേലയിലുണ്ടായ ഈ വര്‍ധനവ്.
Next Story

RELATED STORIES

Share it