ഇസ്രായേല്‍: അവിഗ്‌ദോര്‍ ലിബെര്‍മാന്‍ പ്രതിരോധമന്ത്രിയാവും

തെല്‍അവീവ്: കടുത്ത വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന യിസ്രയേല്‍ ബെത്തെനു പാര്‍ട്ടി ഇസ്രായേലിലെ ഭരണമുന്നണിയില്‍ സഖ്യകക്ഷിയാവും. സഖ്യസര്‍ക്കാരില്‍ അംഗമാവുന്നത് സംബന്ധിച്ച് യിസ്രയേല്‍ ബെയ്‌ത്തെനു പാര്‍ട്ടിയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ടു ചേര്‍ന്ന ചര്‍ച്ചക്കൊടുവില്‍ കരാറിലെത്തി.
കരാര്‍ പ്രകാരം യിസ്രയേല്‍ ബെയ്‌ത്തെനു പാര്‍ട്ടി നേതാവ്, തീവ്ര ദേശീയ നിലപാടുകള്‍ സ്വീകരിക്കുന്ന അവിഗ്‌ദോര്‍ ലിബെര്‍മാന്‍ ഇസ്രായേലിന്റെ പുതിയ പ്രതിരോധമന്ത്രിയാവും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വിവിധ കാലങ്ങളിലായി നെതന്യാഹു അനുകൂലിയായും എതിരാളിയായും ലിബെര്‍മാന്റെ നിലപാടുകള്‍ മാറി മറിഞ്ഞിരുന്നു. മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഇയാള്‍ 2014ലെ ഇസ്രായേലിന്റെ ഗസ ആക്രമണത്തിനു വേണ്ടത്ര കരുത്തില്ലെന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു. യിസ്രയേല്‍ ബെയ്‌ത്തെനു പാര്‍ട്ടിയുമായി കരാറുണ്ടാക്കാനുള്ള ലിക്കുഡ് പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് നെതന്യാഹു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന മോഷെ യാലോണ്‍ ഏതാനും ദിവസം മുമ്പ് രാജിവച്ചിരുന്നു.
അതെസമയം തീവ്ര വലതു നിലപാടുകള്‍ സ്വീകരിക്കുന്ന ലിബെര്‍മാന്‍ ഇസ്രയേല്‍ പ്രതിരോധമന്ത്രിയാവുന്നത് ഭീഷണിയുയര്‍ത്തുന്നതായി ഫലസ്തീന്‍ അതോറിറ്റി ഉന്നതോദ്യോഗസ്ഥനായ സാഇബ് എരേകാത് പ്രതികരിച്ചു. വംശീയത, വിവേചനം, മതപരവും രാഷ്ട്രീയവുമായ തീവ്രവാദം എന്നിവ പ്രചരിക്കാന്‍ ലിബെര്‍മാന്റെ സ്ഥാനാരോഹണം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലികള്‍ക്കെതിരായ ആക്രമണക്കേസുകളില്‍ പ്രതികളാവുന്നവരെ വധശിക്ഷക്കു വിധിക്കണമെന്നതടക്കമുള്ള നിലപാടുകള്‍ ലിബെര്‍മാന്‍ സ്വീകരിച്ചിരുന്നു. ഇസ്രായേല്‍ മന്ത്രിസഭ കൂടുതല്‍ വലതുപക്ഷത്തേക്കു പോകുമെന്നതിന്റെ സൂചനകളാണ് പുതിയ നിയമനം മുന്നോട്ടു വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിബെര്‍മാന്റെ നിയമനത്തെ അപലപിക്കുന്നതായി ഹമാസ് നേതാക്കളും വ്യക്തമാക്കി. ഇസ്രായേല്‍ നടത്തുന്ന അധിനിവേശം കൂടുതല്‍ ശക്തമാകാനും വംശീയതയും തീവ്രവാദവും വര്‍ധിക്കാനും ഇത് കാരണമാവുമെന്ന് ഹമാസ് വക്താവ് സാമി അബു സുഹാരി പറഞ്ഞു.
Next Story

RELATED STORIES

Share it