ഇസ്രായേല്‍ അതിക്രമം തുടരുന്നു; നാലു ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ത്തു

വെസ്റ്റ്ബാങ്ക്: ഇസ്രായേലികള്‍ക്കെതിരേ ആക്രമണം നടത്തിയെന്നാരോപിച്ച് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നാലു ഫലസ്തീനി ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു. ആഴ്ചകളായി ഇസ്രായേല്‍ സൈന്യം തുടരുന്ന അതിക്രമങ്ങളില്‍ ഒടുവിലത്തേതാണിത്. ഇസ്രായേല്‍ സുപ്രിം കോടതി അനുമതി ലഭിച്ചതിനു പിന്നാലെയാണ് വീട് തകര്‍ക്കാനുള്ള ഉത്തരവ് സൈന്യം നടപ്പാക്കിയത്.
വടക്കന്‍ വെസ്റ്റ്ബാങ്കിലെ നബ്‌ലുസില്‍ മൂന്നും വടക്കുകിഴക്കന്‍ റാമല്ലയിലെ സില്‍വാദില്‍ ഒരു ഭവനവുമാണ് തകര്‍ത്തത്. ഒക്ടോബര്‍ ഒന്നിന് ജൂത ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുള്ളവരുടേതെന്നാരോപിച്ചാണ് നബ്‌ലുസിലെ വീടുകള്‍ തകര്‍ത്തത്. ജൂണില്‍ ഇസ്രായേലിയെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് സില്‍വാദില്‍ ഭവനം തകര്‍ത്തത്.
ഫലസ്തീന്‍ ആക്രമണം തടയുന്നതിന് ഏറ്റവും ഫലപ്രദമായ വഴിയായിട്ടാണ് ഭവനം തകര്‍ക്കലിനെ ഇസ്രായേല്‍ കാണുന്നത്. കഴിഞ്ഞ മാസം ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേയുണ്ടായ ഫലസ്തീന്‍ ചെറുത്തുനില്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് വീടുകള്‍ തകര്‍ക്കാന്‍ കോടതി അനുമതി നല്‍കിയത്.
ഫലസ്തീന്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ നടപടിയെന്നാണ് വിവാദ നയത്തെ ഇസ്രായേല്‍ വിശേഷിപ്പിക്കുന്നതെങ്കിലും ഇത്തരത്തിലുള്ള തകര്‍ക്കലിലൂടെ ഒരാളുടെ ചെയ്തിക്ക് കുടുംബങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുന്നതായി വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു.
Next Story

RELATED STORIES

Share it