ഇസ്രായേലി നാലു ഫലസ്തീനികളെകുത്തിപ്പരിക്കേല്‍പ്പിച്ചു

ഖുദ്‌സ്: തെക്കന്‍ ഇസ്രായേലിലെ ഡിമോണ നഗരത്തില്‍ ഇസ്രായേലി യുവാവ് നാലു ഫലസ്തീനികളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രദേശീയവാദമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പോലിസ് അറിയിച്ചു. ഇസ്രായേലിയെ പോലിസ് അറസ്റ്റ് ചെയ്തു. അതേസമയം, ഫലസ്തീനിലെ ഗ്രീന്‍ ലൈനിനകത്ത് ജൂത കുടിയേറ്റക്കാര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ഫലസ്തീന്‍ യുവാക്കളുമായുള്ള ഏറ്റുമുട്ടല്‍ സാധ്യത മുന്‍നിര്‍ത്തി വെള്ളിയാഴ്ച രാവിലെ മുതല്‍ അധിനിവിഷ്ട ഖുദ്‌സ് നഗരത്തില്‍ ഇസ്രായേല്‍ സൈനിക സാന്നിധ്യം ശക്തമാക്കി.

തെല്‍അവീവ് അടക്കമുള്ള നഗരങ്ങളില്‍ ആറ് ഇസ്രായേലികള്‍ കുത്തേറ്റതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇസ്രായേലികള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ പുതിയ ഇന്‍തിഫാദയുടെ തുടക്കമായിരിക്കുമോ എന്ന ഭയം അധിനിവേശകര്‍ക്കുണ്ട്.പഴയ ഖുദ്‌സ് നഗരത്തില്‍ ഇസ്രായേല്‍ കടുത്ത സുരക്ഷാ നടപടികളാണു സ്വീകരിച്ചത്. അറബികള്‍ താമസിക്കുന്നിടത്താണ് കൂടുതല്‍ സൈനികരെ വിന്യസിച്ചത്. കഴിഞ്ഞ രാത്രി 40 ഇസ്രായേല്‍ പോലിസുകാര്‍ മസ്ജിദുല്‍ അഖ്‌സ അങ്കണത്തിലെത്തി ഫലസ്തീന്‍ വിശ്വാസികളെ പുറത്താക്കിയിരുന്നു.

വെള്ളിയാഴ്ച അഖ്‌സയില്‍ ജുമുഅ നിര്‍വഹിക്കാനെത്തിയ 50 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാരെ തടയുകയും ചെയ്തു. ഒക്ടോബര്‍ മൂന്നിനു ശേഷം ഇസ്രായേല്‍ പൗരന്‍മാര്‍ക്കു നേരെ ഒമ്പത് ആക്രമണങ്ങളാണു നടന്നത്. അഖ്‌സയ്ക്കു നേരെയുള്ള കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നത്. ആക്രമണങ്ങളില്‍ നാല് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും നടന്ന ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലുമായി നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ മന്ത്രിമാരുടെയും നെസ്സറ്റ് അംഗങ്ങളുടെയും മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശനം തടയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it