ഇസ്രായേലില്‍ അരക്ഷിതരായി ഫലസ്തീന്‍ വനിതകള്‍

ജാഫ: “തെല്‍അവീവിലേക്കു പോവുന്നതിനുമുമ്പ് ഞാന്‍ രണ്ടുവട്ടം ചിന്തിക്കും. ആ യാത്രയ്ക്ക് എത്ര സമയമെടുക്കുമെന്നും ഏതു വഴിയിലൂടെയാണ് യാത്രയെന്നുമൊക്കെ’. ജാഫയില്‍ നിന്നുള്ള ആറുകുട്ടികളുടെ മാതാവായ 53കാരി സോവ്‌സാന്‍ കുര്‍ദി പറഞ്ഞു. ശിരോവസ്ത്രം ധരിക്കുന്ന പരമ്പരാഗത വേഷത്തിലുള്ള സ്ത്രീകളെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. അത്തരത്തിലൊരാള്‍ ഒരു ബസ്സില്‍ കയറിയാല്‍ ഇറങ്ങിപ്പോവാന്‍ പറയും. അല്ലെങ്കില്‍ അവര്‍ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിക്കുമെന്നും ഇസ്രായേലില്‍ സഞ്ചരിക്കേണ്ടി വരുന്ന ഫലസ്തീനി വനിതകളുടെ ദുരവസ്ഥയെക്കുറിച്ച് കുര്‍ദി അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 1948നു മുമ്പ് ഫലസ്തീനി ജീവിതത്തിന്റെ കേന്ദ്രമായിരുന്ന ജാഫ എന്ന പുരാതന തുറമുഖനഗരം ഇന്ന് തെല്‍അവീവ് നഗരസഭയുടെ ഭാഗമാണ്. ഏതാണ്ട് 20,000 ഫലസ്തീനികളാണ് ഇപ്പോള്‍ ജാഫയിലുള്ളത്. അവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുമിത്. ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും കുറവുള്ളതിനാല്‍ പലപ്പോഴും തെല്‍അവീവിനെ ആശ്രയിക്കേണ്ടി വരും. പക്ഷേ, കുറഞ്ഞ ദൂരം മാത്രമുള്ള തെല്‍അവീവിലേക്കുള്ള യാത്രകളെ അത്തരം അടിയന്തരഘട്ടങ്ങളില്‍പ്പോലും ഒഴിവാക്കേണ്ടി വരുന്നതായി ഇസ്രായേല്‍ പൗരത്വമുള്ള ഫലസ്തീന്‍ വനിതയായ സാവ്‌സാന്‍ കുര്‍ദി പറഞ്ഞു. ഇസ്രായേലിലെ പൊതുഇടങ്ങളില്‍ ഏറ്റവും അരക്ഷിതാവസ്ഥ നേരിടുന്നത് ഫലസ്തീനി വനിതകളാണെന്നു നെസറ്റിന്റെ സര്‍വേ ഫലങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 73 ശതമാനം ഫലസ്തീനി സ്ത്രീകളും മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവേചനപരമായ അതിക്രമങ്ങളെ ഭയപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയോടെയാണ് 79 ശതമാനം ഫലസ്തീനി സ്ത്രീകള്‍ക്കും ഇസ്രായേലിലൂടെ സഞ്ചരിക്കേണ്ടി വരുന്നതെന്നും ഇസ്രായേല്‍ നെസറ്റ് ഈ വര്‍ഷം മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സര്‍വേഫലം വ്യക്തമാക്കുന്നുണ്ട്. ജാഫയില്‍ സുരക്ഷിതത്വം തോന്നുന്നു, അത് തങ്ങളുടെ വീടായതിനാല്‍. എന്നാല്‍, മറ്റിടങ്ങളില്‍ സ്ത്രീകള്‍ക്ക് അങ്ങനെ അനുഭവപ്പെടുന്നില്ല- ഫലസ്തീനി സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള അറൗസ് അല്‍ബഹര്‍ എന്ന സംഘടനയുടെ സ്ഥാപക സഫ യൂനെസ് പറഞ്ഞു. ഇസ്രായേലികള്‍ നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളെക്കുറിച്ചും ശിരോവസ്ത്രം വലിച്ചൂരാനുള്ള ശ്രമങ്ങളെക്കുറിച്ചുമാണ് ഭൂരിപക്ഷം സ്ത്രീകളും പറയുന്നതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it