ഇസ്താംബൂളില്‍ സ്‌ഫോടനം; 10 മരണം

അങ്കറ: മധ്യ ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രത്തില്‍ ഇന്നലെ പകല്‍ 10.20നായിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേരും ജര്‍മന്‍ പൗരന്മാരാണെന്നാണ് റിപോര്‍ട്ട്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്.
സിറിയന്‍ ബന്ധമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ പൗരന്മാരുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നോര്‍വേക്കാരന്‍ പരിക്കേറ്റ് ചികില്‍സ തേടിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായ ബ്ലൂ മോസ്‌കിനും ഹാജിയാസോഫിയക്കുമടുത്താണ് സ്‌ഫോടനമുണ്ടായത്. പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലുവിന്റെ അധ്യക്ഷതയില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികള്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ പോലിസ് തിരച്ചില്‍ തുടരുകയാണ്. അതേസമയം, ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച് എത്തിയ സ്ത്രീയാണ് ആക്രമണം നടത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.
സഞ്ചാരികള്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി. ഇസ്‌ലാമിക് സ്റ്റേറ്റിനെതിരേയും കുര്‍ദ് സായുധസംഘങ്ങള്‍ക്കെതിരേയും തുര്‍ക്കി നടപടികള്‍ ശക്തമാക്കിയതിനു ശേഷം ആക്രമണങ്ങള്‍ പതിവാണ്. കഴിഞ്ഞ ഒക്ടോബറില്‍ അങ്കറയിലും സിറിയന്‍ അതിര്‍ത്തിനഗരത്തിലുമുണ്ടായ രണ്ടു സ്‌ഫോടനങ്ങളില്‍ 150ഓളം പേരാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it