ഇശ്‌റത് കേസ് നരേന്ദ്ര മോദി അട്ടിമറിക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാനെയും മലയാളിയായ പ്രാണേഷ്‌കുമാര്‍ പിള്ളയെയും ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേസില്‍ മോദിയെയും അമിത് ഷായെയും കുടുക്കാനായി മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിര്‍ദേശം നല്‍കിയെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല. ആര്‍എസ്എസിനെ പോലെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭരണത്തില്‍ ഇടപെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാറില്ല. തന്റെ കൂട്ടാളികളെ വിട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന നടപടി നരേന്ദ്ര മോദി അവസാനിപ്പിക്കണം. ഭരണപരാജയത്തില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി കളവ് പ്രചരിപ്പിക്കുന്നത്. മോദിക്കും അമിത് ഷാക്കും സത്യം എല്ലാകാലത്തും മൂടിവയ്ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇശ്‌റത് അടക്കമുള്ളവരുടെ കൊലപാതകത്തിനു പിന്നിലെ സത്യാവസ്ഥ മോദിയും അമിത് ഷായും രാജ്യത്തോടു വെളിപ്പെടുത്തണം. കോടതിയും അന്വേഷണ ഏജന്‍സികളും കണ്ടെത്തിയ വസ്തുതകള്‍ മറച്ചുവച്ച് എന്തിനാണ് ബിജെപി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്? എന്താണ് ബിജെപി ഈ കേസില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it