ഇശ്‌റത് കേസ്: കാണാതായ ഫയലുകള്‍ കണ്ടെത്തിയില്ല

ഇശ്‌റത് കേസ്: കാണാതായ ഫയലുകള്‍ കണ്ടെത്തിയില്ല
X
ishrathjahan

ന്യൂഡല്‍ഹി: ഇശ്‌റത് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നു കാണാതായ സുപ്രധാന ഫയലുകള്‍ ഇതുവരെയും കണ്ടെത്തിയില്ല. ഇതു കണ്ടെത്താനായി സര്‍ക്കാര്‍ ഏകാംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇശ്‌റത് ലശ്കറെ ത്വയ്യിബ അംഗമായിരുന്നുവെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. മോദിയുടെ സ്വന്തക്കാരനായ ഇ ന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നു ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നതോടെ പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ ഇന്റലിജന്‍സ് റിപോര്‍ട്ട് തെറ്റാണെന്നു കണ്ടെത്തുകയും സത്യവാങ്മൂലം തിരുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച ഫയലാണ് കാണാതായിരിക്കുന്നത്. വ്യാജ ഇ ന്റലിജന്‍സ് റിപോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരും കേസില്‍ ആരോപണവിധേയരാണ്.അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി കെ പിള്ള അറ്റോര്‍ണി ജനറലായിരുന്ന ജി ഇ വഹന്‍വതിക്ക് എഴുതിയ രണ്ടു കത്തുകളും കാണാതായവയുടെ കൂട്ടത്തിലുണ്ട്. ഫയലുകള്‍ കാണാതായതായി മാര്‍ച്ച് 10ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെയാണ് അറിയിച്ചത്. ഇന്റലിജന്‍സ് ബ്യൂറോയെക്കൂടാതെ ഗുജറാത്ത് പോലിസ്, മഹാരാഷ്ട്ര പോലിസ് എന്നിവര്‍ നല്‍കിയ വിവരങ്ങളും ആദ്യസത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വ്യാജഏറ്റുമുട്ടലിനായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണെന്നായിരുന്നു പിന്നീടുള്ള കണ്ടെത്തല്‍. അതോടെ ഇശ്‌റത് ഭീകരവാദ സംഘടനയില്‍ അംഗമാണെന്നതിന് തെളിവില്ലെന്ന് സത്യവാങ്മൂലം തിരുത്തി. കേസ് അന്വേഷിച്ച സിബിഐ ഗുജറാത്ത് പോലിസിനും ഐബി ഉദ്യോഗസ്ഥര്‍ക്കും എതിരായി രണ്ടു കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it