ഇശലിന്റെ രാജകുമാരി കലോല്‍സവ വേദിയിലെത്തിf12

പി പി ഷിയാസ്

തിരുവനന്തപുരം: ഗസലിന്റേയും ഹിന്ദുസ്ഥാനീ സംഗീതത്തിന്റേയും തേനരുവിയില്‍ സ്വരമാധുര്യത്തിന്റെ ഓടം തുഴയുന്ന യുവ ഗായികയ്ക്ക് കലോല്‍സവവേദി സമ്മാനിച്ചത് കുളിരുള്ള ഗൃഹാതുരത്വം.
2006 ല്‍ എട്ടാംക്ലാസില്‍ പഠിക്കവേ മാപ്പിളപ്പാട്ട് വേദിയില്‍ നിന്നും മൂന്നാംസ്ഥാനവും കൊണ്ട് വിജയപ്രയാണം തുടങ്ങിയ മഞ്ചേരി സ്വദേശി സിദ്‌റത്തുല്‍ മുന്‍തഹയെ യുവ മാപ്പിളപ്പാട്ട്- ഗസല്‍ സ്‌നേഹികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. കാരണം 2007ല്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ്, 2008ലും 09ലും ഒന്നാംസ്ഥാനം, 2010ല്‍ രണ്ടാം സ്ഥാനം, അറബി ഗാനത്തിലും പദ്യം ചൊല്ലലിലും 2008ല്‍ ഒന്നാംസ്ഥാനം, 2010 ല്‍ ഉറുദു പദ്യം ചൊല്ലലില്‍ ഒന്നാംസ്ഥാനം എന്നിങ്ങനെ വിജയതിലകങ്ങളുടെ ഒരു നീണ്ടനിര തന്നെ ഈ ബിഎച്ച്എംഎസ് വിദ്യാര്‍ഥിനിയുടെ പേരിലുണ്ട്. നേമം ശ്രീ വിദ്യാതിരാജാ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ഈ യുവകലാകാരി ഇന്നലെ നടന്ന ഗസല്‍ മല്‍സരം ആസ്വദിക്കാനാണ് എത്തിയത്. താന്‍ പാടിയിട്ടുള്ള പാട്ടുകള്‍ കുട്ടികളിലൂടെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും മികച്ച പാട്ടുകളാണ് അവര്‍ തിരഞ്ഞെടുത്തതെന്നും സിദ്‌റത്തുല്‍ മുന്‍തഹ മനസ്സുതുറന്നു.
2008ല്‍ കൊല്ലത്തു നടന്ന 48ാമത് കലാമേളയില്‍ ഹിന്ദുസ്ഥാനീ സംഗീതം പ്രദര്‍ശന ഇനമായി അവതരിപ്പിച്ച് കൗമാരകലാലോകത്തിന് നവ്യാനുഭവം പകര്‍ന്നത് സിദ്‌റത്തുല്‍ മുന്‍തഹയാണ്. തൊട്ടടുത്ത രണ്ടുവര്‍ഷങ്ങളിലായി തിരുവനന്തപുരത്തും കോഴിക്കോടും നടന്ന കലോല്‍സവങ്ങളിലും ഇതേയിനം അവതരിപ്പിച്ചു.
തുടര്‍ന്നാണ് കലോല്‍സവത്തില്‍ ഗസല്‍ ഒരു ഇനമായി ഉള്‍പ്പെടുത്തിയത്.
പ്ലസ് ടുവിന് ശേഷം കലോല്‍സവവേദികളില്‍ പുതു താരങ്ങള്‍ക്ക് പഠിക്കാനായി മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലും ആനിമേഷന്‍ വീഡിയോകളിലും ഗസല്‍ ആല്‍ബങ്ങളിലും സിദ്‌റത്ത് ശബ്ദം നല്‍കിയിരുന്നു. ഇപ്പോള്‍ നാട്ടിലും വിദേശത്തുമായി വിവിധ വേദികളില്‍ ഗസല്‍ അവതരിപ്പിച്ചുവരുന്നു.
മുമ്പ് മൂന്നുവര്‍ഷം കോഴിക്കോട് ഗുഞ്ചന്‍ വിദ്യാലയയില്‍ ഗുജറാത്തീ സംഗീതജ്ഞനായ നളിന്‍ മോല്‍ജിയുടെ കീഴില്‍ ഹിന്ദുസ്ഥാനീ അഭ്യസിച്ച സിദ്‌റത്തുല്‍ മുന്‍തഹ ഇപ്പോള്‍ പാപ്പനംകോട് തമലത്തുള്ള രമേശ് നാരായണിന്റെ ജസ്‌രംഗി വിദ്യാലയത്തിലാണ് സംഗീത നൈപുണി വികസിപ്പിക്കുന്നത്. ഗസലിനെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന തന്റെ ഉപ്പയാണ് തന്നെ ഈ ലോകത്തേക്ക് കൈപിടിച്ചു നടത്തിയതെന്നും തുടര്‍ന്ന് ഫൈസല്‍ പന്താവൂരും ഷമീര്‍ ബിന്‍സിയുമാണ് ഗസലിന്റെ നാദങ്ങള്‍ പകര്‍ന്നുനല്‍കിയതെന്നും സിദ്‌റത്ത് പറയുന്നു. ഹോമിയോ ഡോക്ടറായ മഞ്ചേരി സ്വദേശി ബാസിലാണ് ഭര്‍ത്താവ്.
Next Story

RELATED STORIES

Share it