thiruvananthapuram local

ഇശലാറ്റിന്‍കര

നെയ്യാറ്റിന്‍കര: മാപ്പിള നാടന്‍ കലകളും നാടോടി നൃത്തരൂപങ്ങളും അരങ്ങുവാണ ദിവസമായിരുന്നു കലോസവത്തിന്റെ മൂന്നാം നാള്‍. നാടോടി കലകളുടെ തീക്ഷ്ണഭാവങ്ങളും കടുത്ത നിറങ്ങളും നാടോടിത്തത്തിന്റെ വഴക്കങ്ങളും തിങ്ങിനിറഞ്ഞ സദസ്സില്‍ നിറഞ്ഞാടി. ആണ്‍ ചടുലതയില്‍ മോയീന്‍കുട്ടി വൈദ്യരുടേയും മറ്റു മാപ്പിളപ്പാട്ടു തമ്പൂരാക്കന്മാരുടേയും ഈരടികള്‍ കോര്‍ത്തിണക്കിയ കോല്‍ക്കളിയ്ക്കും ദഫ്മുട്ടിനും അറവന മുട്ടിനും എക്കാലത്തെയും പോലെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എങ്കിലും ആലാപനത്തിലും ദഫ് കൊട്ടുന്നതിലും സംഘബോധം ഉണ്ടായില്ലെന്ന് വിലയിരുത്തലുണ്ടായിരുന്നു. ബൈത്തുകള്‍ക്ക് ആവശ്യമില്ലാത്തെ ഊന്നലുകള്‍ നല്‍കുന്നത് ദഫിന്റെ അടിസ്ഥാന രീതികളെ തകര്‍ത്ത് കളയുന്നതായി വിധികര്‍ത്താക്കള്‍ തന്നെ ചുണ്ടിക്കാട്ടി.
കൊട്ടുന്നതും ഏറ്റുപാടുന്നതും ഒരേ സ്വര വിന്യാസത്തില്‍ അല്ലാത്തതിനാല്‍ ദഫിന്റെ സൗന്ദര്യം നഷ്ടപ്പെടുകയാണ്. നാടോടി നൃത്തവും സംഘനൃത്തവും വിധികര്‍ത്താക്കളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്കിടയിലും ആവേശം ചോരാതെ അവതരിപ്പിക്കപ്പെട്ടു.
പ്രധാന വേദിക്കുള്ളില്‍ നടന്ന പെണ്‍കുട്ടികളുടെ പ്രതിഷേധ പരിപാടികള്‍മൂലം കുറെ നേരം ഇടവേളയുണ്ടായെങ്കിലും സമരം കഴിഞ്ഞു മല്‍സരം മുറുകിയപ്പോള്‍ കാണികളും കളിക്കാരും കലോല്‍സവത്തിന്റെ ആരവത്തില്‍ മുങ്ങി. അതേസമയം, ലളിത സംഗീതത്തിന്റേയും ഉപകരണ സംഗീതത്തിന്റേയും വേദികള്‍ ഒട്ടും ഊഷ്മളമല്ലാത്തതായി മാറി. ലളിതഗാനത്തില്‍ സ്ഥിരം ചേരുവകളുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളാണ് മുഴച്ചുനിന്നത്. എങ്കിലും പുതിയ തലമുറ വലിയ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു ലളിത സംഗീതത്തിലെയും സംഘഗാനത്തിലെയും പ്രകടനങ്ങള്‍. യക്ഷഗാനം, പദ്യം ചൊല്ലല്‍, പാഠകം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത് യക്ഷഗാനം എന്നിവ ശുഷ്‌കമായ സദസ്സിലാണ് അവതരിപ്പിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it