Kottayam Local

ഇല്ലായ്മകള്‍ക്കിടയിലും ഉയരങ്ങള്‍ കീഴടക്കി മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാദമി

തലയോലപ്പറമ്പ്: ഇല്ലായ്മകള്‍ക്കു നടുവിലും മേവെള്ളൂര്‍ വനിതാ സ്‌പോട്ട്‌സ് അക്കാദമി ഉയരങ്ങള്‍ കീഴടക്കുകയാണ്. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ഇവര്‍ വിജയകിരീടം ചൂടിക്കഴിഞ്ഞു. ദേശീയതലത്തിലും നേട്ടങ്ങള്‍ കൊയ്യുകയാണ്.
അക്കാദമിയിലെ താരങ്ങളുടെ പരിശീലനത്തില്‍ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചും മുന്‍ലോകകപ്പ് താരവുമായ ടെറി ഫെലാന്‍ അതിശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ കായിക മികവില്‍ താല്‍പര്യം കണ്ട കോച്ച് ഫെലാന്‍ താരങ്ങള്‍ക്കും ഇവരുടെ കോച്ച് ജോമോന്‍ നാമക്കുഴിക്കും നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. ഈ പ്രതിഭകള്‍ ലോകനിലവാരത്തിലെത്തുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഉറപ്പു നല്‍കി.
വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ 22 ദേശീയ താരങ്ങളും രണ്ട് ഇന്ത്യന്‍ ക്യാംപ് കളിക്കാരുമുണ്ട്. രണ്ട് വര്‍ഷം കേരള സംസ്ഥാന സീനിയര്‍ സ്‌ക്കൂള്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കിരീടം വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമി കരസ്ഥമാക്കിയിട്ടുണ്ട്.
കൊടുമുടികള്‍ കീഴടക്കുമ്പോളും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അക്കാദമിയെ തകര്‍ക്കുന്നുണ്ട്. കായിക രംഗത്തിന് വാരിക്കോരി സംഭാവനകള്‍ ഒഴുക്കുന്ന സംസ്ഥാന കായിക വകുപ്പ് ഇതുപോലുള്ള നേര്‍ക്കാഴ്ചകളെ കണ്ടില്ലെന്ന് നടിക്കുന്നു. അക്കാദമിയെ സംരക്ഷിക്കുവാന്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ ഒരു ചെറിയ ഗ്രാമത്തില്‍ ഊരിത്തിരിഞ്ഞ് രാജ്യാന്തരതലം വരെ എത്തിയ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ നിലനില്‍പുപോലും പരുങ്ങലിലാകും.
സ്‌പോര്‍ട്ട്‌സ് അക്കാദമിക്കുമുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായ ദിശയിലെത്തുന്നില്ല. കാരണം ഇവിടെയുള്ള കായിക താരങ്ങളെല്ലാം നിര്‍ധന കുടുംബത്തില്‍പ്പെട്ടവരാണ്. മിക്കതാരങ്ങളും ഏറെ പരിമിതികള്‍ സഹിച്ചാണ് അക്കാദമിയിലെത്തുന്നത്. എന്നാല്‍ കളിക്കളങ്ങളില്‍ പരിമിതികളെയെല്ലാം ഇവര്‍ വിജയത്തിലൂടെ മറികടക്കുന്നു.
അക്കാദമിയെ സംരക്ഷിക്കാന്‍ ഇരുകയ്യും നീട്ടി ഒരു ഗ്രാമം ഒത്തുചേരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഉന്നത തലങ്ങളിലുളളവര്‍ വിസ്മരിക്കുന്നു. ഇതിന് മാറ്റമുണ്ടാകണമേ എന്ന പ്രാര്‍ത്ഥനയിലാണ് സ്‌പോര്‍ട്ട്‌സ് അക്കാദമിയും വെള്ളൂര്‍ ഗ്രാമവും.
Next Story

RELATED STORIES

Share it