thiruvananthapuram local

ഇല്ലായ്മകളുടെ നടുവില്‍ വാവുകട ചന്ത; പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തം

വര്‍ക്കല: വര്‍ക്കലയുടെ പഴമയില്‍ ചിരകാല പ്രശസ്തി നേടിയിരുന്ന വാവുകട ചന്ത ഇന്ന് ഇല്ലായ്മകളുടെ നടുവിലാണ്. വര്‍ഷാവര്‍ഷം നഗരസഭയുടെ വാര്‍ഷിക ബജറ്റില്‍ തുക വകയിരുത്തുന്നതല്ലാതെ പുനരുദ്ധാരണത്തിനു തുടര്‍നടപടികള്‍ കൈക്കൊള്ളാറില്ല.
വര്‍ക്കല ക്ഷേത്രം റോഡില്‍ കിളിത്തട്ട് മുക്കിനു സമീപം പാതയോരം ചേര്‍ന്ന് ഉദ്ദേശം പത്തു സെന്റ് സ്ഥലപരിമിതിയിലാണ് ചന്തയുടെ പ്രവര്‍ത്തനം. 8000 രൂപയ്ക്കാണ് നഗരസഭ പ്രതിവര്‍ഷം കരാറടിസ്ഥാനത്തില്‍ ചന്ത ലേലം ചെയ്ത് നല്‍കുന്നത്. എന്നിട്ടും ഇതിനുള്ളില്‍ കുടിവെള്ളം, ടോയ്‌ലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയാണുള്ളത്. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ തുറസ്സിടങ്ങളില്‍ വെയിലും മഴയും കൊണ്ടു വേണം കച്ചവടം നടത്താന്‍. രാവിലെ 10ന് ആരംഭിക്കുന്ന ക്രയവിക്രയം 10.30നും 11നുമിടയില്‍ അവസാനിക്കും. കച്ചവടം തീരെ കുറവായതിനാലാണ് ചന്തയുടെ പ്രവര്‍ത്തനം അരമണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത്. പുന്നമൂട്, പുത്തന്‍ചന്ത പൊതുമാര്‍ക്കറ്റുകള്‍ക്കു പുറമെ അവിടവിടെ അനധികൃത വഴിയോര ചന്തകള്‍ കൂടി രൂപപ്പെട്ടതിനാല്‍ ഇവിടേ—ക്ക് ആവശ്യക്കാര്‍ അധികം എത്താറില്ല. കര്‍ക്കടക വാവുമായി ബന്ധപ്പെടുത്തിയാണ് ചന്തയ്ക്ക് വാവുകട എന്ന പേരുണ്ടായത്. പാപനാശിനിയില്‍ പിതൃതര്‍പ്പണത്തിനെത്തുന്ന പതിനായിരങ്ങള്‍ ഒരുകാലത്ത് ഈ ചന്തയെ ആശ്രയിച്ചിരുന്നു.
കര്‍ക്കടക മാസങ്ങളില്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന വിപുലമായ വ്യാപാരമേള തന്നെ ഇവിടെ തരപ്പെടുത്തിയിരുന്നു. വള്ളക്കടവ് വര്‍ക്കലയുടെ വാണിജ്യസിരാകേന്ദ്രമായിരുന്ന കാലത്ത് ചന്തയില്‍ തിരക്കൊഴിഞ്ഞ നേരം ഉണ്ടാവില്ലായിരുന്നു. എന്നാല്‍ നിലവില്‍ മല്‍സ്യം, പച്ചക്കറി, നാളികേരം തുടങ്ങി കേവലം അവശ്യസാധനങ്ങല്‍ മാത്രമാണ് വില്‍പനക്കുള്ളത്. മാറിവരുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയാണ് പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുപോവാന്‍ ആവാത്തവിധം ചന്ത അന്യാധീനപ്പെടുന്നതെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it