kasaragod local

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ ; ബോധവല്‍ക്കരിക്കാന്‍ നിരവധി പരിപാടികള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് ശതമാനം പരമാവധി വര്‍ധിപ്പിക്കുന്നതിനായി നടത്തുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. വിവിധ ഓഫിസുകളില്‍ സ്ഥാപിച്ചിട്ടുള്ള ഞാന്‍ വോട്ടു ചെയ്യും എന്റെ കടമ നിര്‍വഹിക്കും എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അതിനായി പ്രേരിപ്പിക്കും എന്ന സന്ദേശം ഉള്‍പ്പെട്ട സൈന്‍വാളില്‍ ദിനംപ്രതി നിരവധിയാളുകളാണ് ഒപ്പുവെക്കുന്നത്.
കലക്ടറേറ്റില്‍ സ്ഥാപിച്ച സൈന്‍വാളിലും നിരവധി സന്ദര്‍ശകരാണ് സൈന്‍ചെയ്യുന്നത്. നാല് താലൂക്ക് ഓഫിസുകളിലും മൂന്ന് നഗരസഭകളിലും ആര്‍ഡിഒ ഓഫിസിലും വരണാധികാരികളുടെ കാര്യാലയങ്ങളിലും സൈന്‍വാള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കും ജില്ലയില്‍ തുടക്കമായി.
ഉദുമ മണ്ഡലത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. തൃക്കരിപ്പൂരില്‍ അഞ്ചിന് തുടങ്ങും. മലയാളത്തിലും കന്നടയിലുമുള്ള പോസ്റ്റല്‍ പ്രചാരണം, ഫേസ്ബുക്ക് പ്രബന്ധ രചനാ മല്‍സരം എന്നിവ ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ വോട്ട് ചെയ്തിരുന്നില്ല. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) സംവിധാനത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്.
ജില്ലിയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് പരിശീലനം നേടാം.
ജില്ലയില്‍ വിപുലമായ പോസ്റ്റര്‍ പ്രചാരണം, ബാനറുകള്‍, ലഘുലേഖാ വിതരണം, വോട്ട് വണ്ടി പര്യടനം, ഫേസ് ബുക്ക് പ്രബന്ധരചനാ മല്‍സരം, കൂട്ടയോട്ടം, തെരുവ് നാടകങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും പരിപാടികളുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it